ഹേമ കമ്മിറ്റി റിപ്പോ‌ർട്ട്; ഏഴ് കേസുകളിൽ കുറ്റപത്രം നൽകി, ആകെ 40 കേസുകൾ

Thursday 16 January 2025 4:05 PM IST

കൊച്ചി: സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ 40 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 35 കേസുകളെടുത്തു. നോഡൽ ഓഫിസർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് കേസുകൾ. ഏഴ് കേസുകളിൽ കുറ്റപത്രം നൽകിയെന്നും ഹൈക്കോടതിയിൽ സർക്കാർ അറിയിച്ചു.

മൂന്ന് കേസുകളിൽ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി. വിനോദമേഖലയിലെ നിയമനിർമാണം സംബന്ധിച്ച നയം രൂപീകരിക്കേണ്ടതു സർക്കാരിന്റെ ചുമതലയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീ, ദളിത് വിഭാഗങ്ങളെയെല്ലാം പ്രതിനിധീകരിക്കുന്ന രീതിയിലാവണം നിയമ നിർമാണമെന്നും കോടതി നിർദ്ദേശിച്ചു.

ഇതിനുള്ള ക്രോഡീകരിച്ച കരട് നിർദ്ദേശങ്ങൾ അമിക്കസ് ക്യൂറി ഹൈക്കോടതിക്ക് കൈമാറി. ജസ്റ്റിസുമാരായ ഡോക്ടർ എ കെ ജയശങ്കരൻ നമ്പ്യാർ, സി എസ് സുധ എന്നിവരുടെ ഡിവിഷൻ ബെഞ്ച് അടുത്ത മാസം ആറിന് ഹർജി വീണ്ടും പരിഗണിക്കും.