ഡോ. നാരായണന്റെ ആദ്യ പ്രഖ്യാപനം

Friday 17 January 2025 2:56 AM IST

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചെയർമാനായി 15ന് ഒൗദ്യോഗിക ചുമതലയേറ്റ ഡോ.വി.നാരായണന് തൊട്ടടുത്ത ദിവസം തന്നെ സ്പേയ്സ് ഡോക്കിംഗ് പരീക്ഷണ വിജയത്തിലൂടെ ഇന്ത്യയുടെ നേട്ടം പ്രഖ്യാപിക്കാനായി. ജനുവരി ആറുമുതൽ ഡോക്കിംഗിന് ശ്രമം നടത്തിവരികയായിരുന്നു. 20നകം ഡോക്കിംഗ് പൂർത്തിയാക്കാൻ കഴിഞ്ഞല്ലെങ്കിൽ മാർച്ചു വരെ കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയ്ക്കിടെയാണ് ഇന്നലെ ഡോക്കിംഗ് നടത്താനുള്ള സാഹചര്യം ഒത്തുവന്നത്.

ഇന്ത്യയുടെ ബഹിരാകാശ ഭാവി പ്രവർത്തനങ്ങൾക്ക് കരുത്തേകുന്ന പദ്ധതിയുടെ വിജയപ്രഖ്യാപനത്തോടെ പുതിയ പദവിയിൽ തുടങ്ങാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് ഡോ.നാരായണൻ. ഇന്ത്യ സ്പേയ്സ് ഡോക്കിംഗ് വിജയകരമായി പൂർത്തിയാക്കി. അത് കൈവരിക്കുന്ന നാലാമത്തെ രാജ്യമായെന്നും അദ്ദേഹം പ്രഖ്യാപിച്ചു.തിരുവനന്തപുരം വലിയമലയിലെ എൽ.പി.എസ്.സി ഡയറക്ടറായിരുന്ന ഡോ.നാരായണൻ രാജ്യത്തെ അറിയപ്പെടുന്ന ക്രയോജനിക് സാങ്കേതിക വിദ്യ വിദഗ്ദ്ധനും മുതിർന്ന ശാസ്ത്രജ്ഞനുമാണ്.