സോമനാഥിന്റെ സ്വപ്ന പദ്ധതി

Friday 17 January 2025 3:01 AM IST

തിരുവനന്തപുരം: ഇന്നലെ ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങൾ വിജയകരമായി കൂട്ടിച്ചേർത്തുള്ള സ്പേയ്സ് ഡോക്കിംഗ് പരീക്ഷണം സ്ഥാനമൊഴിഞ്ഞ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ്.സോമനാഥിന്റെ സ്വപ്ന പദ്ധതിയാണ്. ചന്ദ്രയാൻ 3ലൂടെ ചന്ദ്രനിൽ ഇന്ത്യൻ പേടകം ഇറക്കിയും ആദിത്യ എൽ1 പേടകം സൂര്യനെ നിരീക്ഷിക്കാൻ സ്ഥാപിച്ചുമെല്ലാം ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്താൻ നേതൃത്വം നൽകിയ സോമനാഥ് ചെയർമാൻ എന്ന നിലയിൽ അവസാനം നേതൃത്വം നൽകിയ ദൗത്യമാണ് സ്പെഡക്സ്. ഡിസംബർ 30ന് രണ്ട് ഉപഗ്രഹങ്ങളെ പി.എസ്.എൽ.വി.സി 60 റോക്കറ്റിൽ വിക്ഷേപിച്ച സോമനാഥ് ജനുവരി ആറിന് ഉപഗ്രഹ സംയോജനം നടത്താനും നേതൃത്വം നൽകി. അത് പക്ഷേ, നീണ്ടുപോകുകയായിരുന്നു. അതിനിടെ ജനുവരി 14ന് അദ്ദേഹത്തിന്റെ ചെയർമാൻ പദവിയുടെ കാലാവധി പൂർത്തിയായി. എങ്കിലും ദൗത്യവിജയം അദ്ദേഹത്തിന്റെ കൂടി നേട്ടമാണ്.