പത്തനംതിട്ടയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

Friday 17 January 2025 7:56 AM IST

പത്തനംതിട്ട: വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. കടമ്പനാട് കല്ലുകുഴിയിൽ രാവിലെ ആറരയോടെയാണ് സംഭവം. കൊല്ലം ഫാത്തിമ മെമ്മോറിയൽ ട്രെയിനിംഗ് കോളേജിലെ ബി എഡ് വിദ്യാർത്ഥികളും അദ്ധ്യാപകരുമടങ്ങുന്ന സംഘമായിരുന്നു ബസിലുണ്ടായിരുന്നത്.

മൂന്നാറിലേക്കുള്ള യാത്രാമദ്ധ്യേയാണ് അപകടമുണ്ടായത്. രണ്ട് ബസുകളിലായിട്ടായിരുന്നു സംഘം സഞ്ചരിച്ചിരുന്നത്. ഇതിലൊരു ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അമ്പത്തിയൊന്ന് പേർ ഈ ബസിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. നാൽപ്പതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടൂരിലെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല.