മിഠായിത്തെരുവിൽ കുട്ടിക്കൂട്ടം എത്തി; മടങ്ങിയത് ഏവരെയും അമ്പരപ്പിച്ച ശേഷം

Friday 17 January 2025 12:19 PM IST

കോഴിക്കോട്: എസ്.കെ.പൊറ്റെക്കാടിന്റെ 'തെരുവിന്റെ കഥ'യിലെ കഥാപാത്രങ്ങളായി കുരുന്നുകൾ മിഠായിത്തെരുവിലെ എസ്.കെ.പൊറ്റെക്കാടിന്റെ പ്രതിമയ്ക്ക് മുന്നിലെത്തി. നാടകാചാര്യൻ കെ.ടി. മുഹമ്മദിന്റെ പ്രതിമയ്ക്കു സമീപം നാടകഗാനങ്ങൾ അവതരിപ്പിച്ചു. അക്ഷര യാത്രയുടെ ഭാഗമായി ഇന്നലെ നഗരത്തിലെത്തിയ പയ്യടിമീത്തൽ ജി.എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾ എസ്.കെയുടെ കഥാപാത്രങ്ങളെ പകർന്നാടിയപ്പോൾ കാണികളിലും കൗതുകം.

എം.ടി, ബഷീർ, വത്സല തുടങ്ങി പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളും കൈയിലേന്തിയായിരുന്നു കുട്ടികളുടെ വരവ്. സ്‌കൂളിന്റെ ഒരു വർഷം നീളുന്ന നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി നൂറു കഥാപാത്രങ്ങളാണ് എത്തിയത്. പ്രശസ്ത ബാലസാഹിത്യകാരൻ ഡോ. കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സുരേഷ് ചെമ്പകശ്ശേരി അദ്ധ്യക്ഷത വഹിച്ചു. എസ് കെ പൊറ്റെക്കാടിന്റെ 'ഒരു തെരുവിന്റെ കഥ' എന്ന നോവലിനെ സ്‌കൂളിലെ പ്രധാനാദ്ധ്യാപകനും നാടക പ്രവർത്തകനുമായ ഷിബു മുത്താട്ടാണ് നാടകമാക്കിയത്. എസ്.കെ. കൃതികൾ കൊണ്ട് അക്ഷര സമർപ്പണം നടത്തിയും കെ.ടി മുഹമ്മദിന്റെ പ്രതിമയ്ക്ക് മുമ്പിൽ നാടകഗാനങ്ങൾ അവതരിപ്പിച്ചുമാണ് കുട്ടികളും അദ്ധ്യാപകരും മടങ്ങിയത് . ജസീറ, ലിജി, ഷഹനാസ്, ടി. നിസാർ , ഗിരീഷ് രാജൻ, അസീസ്, ശോഭന തുടങ്ങിയവർ നേതൃത്വം നൽകി.

പുത്തനറിവ് പകർന്ന് സഹവാസ ക്യാമ്പ്

സ്‌കൂളിലെ രണ്ടുദിവസത്തെ സഹവാസ ക്യാമ്പിൽ നാടൻപാട്ട്, നാടകം, ഒറിഗാമി , ശാസ്ത്ര പരീക്ഷണങ്ങൾ , വാനനിരീക്ഷണം , എയ്‌റോബിക്സ് എന്നിവയിൽ കുട്ടികൾ പരിശീലനം നേടി. ചേളന്നൂർ പ്രേമൻ , ശ്രീ വിശാഖൻ , വിജിഷ , സജിത, ഷിബു മുത്താട്ട്, അനീഷ് തുടങ്ങിയവർ പരിശീലകരായി . പെരുമണ്ണ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ പ്രതീഷ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റൂറൽ എ.ഇ.ഒ കുഞ്ഞി മൊയ്തീൻകുട്ടി മുഖ്യാതിഥിയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ കാമ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു

പുസ്തകങ്ങളും കഥാപാത്രങ്ങളെയും കുട്ടികൾ തന്നെയാണ് തിരഞ്ഞെടുത്തത്. വീട്ടിലെ വസ്ത്രങ്ങളണിഞ്ഞാണ് കഥാപാത്രങ്ങളായത്