പുതിയ സൗകര്യം കൊച്ചിക്കാർക്ക് നന്നായി ബോധിച്ചു, ഒറ്റ ദിവസത്തെ വരുമാനം ലക്ഷം കടന്നു

Friday 17 January 2025 12:56 PM IST

കൊച്ചി: മെട്രോയുടെയും വാട്ടർ മെട്രോയുടെയും ഫസ്‌റ്റ്‌മൈൽ-ലാസ്റ്റ് മൈൽ കണക്‌ടിവിറ്റി വർദ്ധിപ്പിക്കാനുള്ള നീക്കത്തിന് വൻ സ്വീകരണം. കൊച്ചി മെട്രോയുടെ ഇലക്‌ട്രിക് ബസുകളാണ് ജനം ഇരുകൈ നീട്ടി സ്വീകരിച്ചത്. ആകെ 1855 പേർ ബസിൽ യാത്ര ചെയ്‌തു. മൂന്ന് റൂട്ടുകളിലായി 1,18,180 രൂപയാണ് കളക്ഷൻ നേടിയത്. എയർപോർട്ട് റൂട്ടിൽ നാലും, കളമശ്ശേരി റൂട്ടിൽ രണ്ട് ബസുമാണ് സ‌ർവീസ് നടത്തിയത്.


ആലുവ-എയർപോർട്ട്, കളമശേരി-മെഡിക്കൽ കോളേജ്, കളമശേരി-കുസാറ്റ് എന്നീ റൂട്ടുകളിലാണ് വ്യാഴാഴ്‌ച ബസ് സർവീസ് നടത്തിയത്. പുതിയ ഇലക്‌ട്രിക് ബസ് പൂർണമായും എയർകണ്ടീഷൻഡാണ്. എയർപോർട്ട് റൂട്ടിൽ 1345 പേരും കളമശേരി റൂട്ടിൽ 510 പേരും ബസിൽ കയറി. ആലുവ-എയർപോർട്ട് റൂട്ടിൽ 80 രൂപയും മറ്റ് റൂട്ടുകളിൽ അഞ്ച് കിലോമീറ്ററിന് മിനിമം 20 രൂപയുമാണ് യാത്രാനിരക്ക്. 15 കോടി രൂപയ്‌ക്ക് 15 ഇലക്‌ട്രിക് ബസുകളാണ് കൊച്ചി മെട്രോ സർവീസിനായി വാങ്ങി ഓടിക്കുന്നത്. ആകെ എയർപോർട്ട് റൂട്ടിൽ നാല്,​ ഇൻഫോപാർക്ക് റൂട്ടിൽ രണ്ട്,​ ഹൈക്കോർട്ട് റൂട്ടിൽ മൂന്ന്,​ കടവന്ത്ര റൂട്ടിൽ ഒരുബസുമാണ് സർവീസിനുപയോഗിക്കുക.

രാവിലെ 6.45 മുതൽ രാത്രി 11 മണിവരെയാണ് സർവീസ് സമയം. തിരക്കുള്ള നേരം 20 മിനിട്ട് ഇടവിട്ടും അല്ലാത്തപ്പോൾ 30 മിനിട്ട് ഇടവിട്ടുമാണ് ബസ്. എയർപോർട്ടിൽ നിന്ന് 11 മണിക്കാണ് ആലുവയിലേക്കുള്ള അവസാന സർവീസ്. കളമശേരി- മെഡിക്കൽ കോളേജ് റൂട്ടിൽ അരമണിക്കൂർ ഇടവിട്ട് സർവീസ് നടത്തും.

പരിസ്ഥിതി സൗഹൃദ ബസുകളിൽ മൊബൈൽ,​ യുഎസ്ബി പോർട്ടുകളുണ്ട്. ടിക്കറ്റ് ലഭിക്കാൻ ഡിജിറ്റൽ പേയ്‌മെന്റാണ്. യുപിഐ,​ ഡെബിറ്റ്‌കാർഡ്,​ കൊച്ചി1 കാർഡുകൾ ഉപയോഗിക്കാം,​ പണം നൽകിയും ടിക്കറ്റെടുക്കാം,​