മകരവിളക്ക് മഹോത്സവം; നെയ്യഭിഷേകം നാളെ അവസാനിക്കും, ഭക്തർക്ക് പ്രവേശനം ഞായറാഴ്ച വൈകിട്ട് അറ് മണിവരെ

Friday 17 January 2025 4:27 PM IST

പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം ഞായറാഴ്ച (ജനുവരി 19) രാത്രിയോടെ അവസാനിക്കും. അന്ന് വൈകുന്നേരം ആറ് മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തി വിടുന്നത്. സന്നിധാനത്ത് രാത്രി പത്ത് മണി വരെ മാത്രമാണ് ദർശനം. 19ന് അത്താഴ പൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീർത്ഥാടനം സമാപിക്കും.

ജനുവരി 20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ അഞ്ചരയ്ക്ക് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം ആറരയ്ക്ക് മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. നെയ്യഭിഷേകം ജനുവരി 18ന് രാവിലെ പത്തരയ്ക്ക് അവസാനിക്കും. തുടർന്ന് പന്തളം രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ കളഭാഭിഷേകം നടക്കും. മണിമണ്ഡപത്തിലെ കളമെഴുത്തും വിളക്കെഴുന്നള്ളിപ്പും അന്ന് രാത്രി അവസാനിക്കും.

ശബരിമലയിലെ നാളത്തെ ചടങ്ങുകൾ
പുലർച്ചെ
3ന് നട തുറക്കൽ -നിർമ്മാല്യം

3.05ന് അഭിഷേകം

3.30ന് ഗണപതി ഹോമം

3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 മണി വരെയും നെയ്യഭിഷേകം

7.30ന് ഉഷപൂജ


12 ന് കളഭാഭിഷേകം

12.30ന് ഉച്ചപൂജ

1 മണിക്ക് നട അടയ്ക്കൽ

3 മണിക്ക് നട തുറക്കൽ

6.30ന് ദീപാരാധന


6.45 പടി പൂജ (പതിനെട്ടാം പടിയിൽ)

9.30ന് അത്താഴ പൂജ

10ന് മണി മണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത്

10.50ന് ഹരിവരാസനം

11ന് നട അടയ്ക്കൽ