കൈതപ്രം പാടി,ആസ്വദിച്ച് മലയാളത്തിന്റെ ജഗതി, ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക പുരസ്കാരം നൽകി
തിരുവനന്തപുരം: 'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം..നിൻ ചിരിയിലലിയുന്നെൻ ജീവരാഗം...'മലയാളത്തിന്റെ ഒരേയൊരു ജഗതി ശ്രീകുമാറിന്റെ അകിലിരുന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി പാടി. വലതു കൈകൊണ്ട് മെല്ലെ താളമിട്ട് ജഗതി പാട്ട് ആസ്വദിച്ചു. മലയാളസിനിമയിലെ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പേരിലുള്ള പുരസ്കാരം ജഗതി ശ്രീകുമാറിന്റെ പേയാട്ടുള്ള വീട്ടിൽ വച്ച് നൽകിയ ചടങ്ങാണ് സംഗമത്തിന് വേദിയായത്. 'മിനിസ്റ്റർ ഇപ്പൊ വരും കേട്ടോ...'അവാർഡ് നൽകേണ്ട മന്ത്രി എം.ബി.രാജേഷ് അല്പം വൈകുമെന്ന് കൈതപ്രം അറിയിച്ചു.' കാത്തിരിക്കാം'എന്ന ഭാവത്തിൽ ജഗതി തലകുലുക്കി. സിനിമയും സംഗീതവും ചുറ്റുമുള്ളവർ ചർച്ച ചെയ്തപ്പോൾ ചെറുപുഞ്ചിരിയോടെ ജഗതിയുടെ കേട്ടിരുന്നു. അകലെനിന്നു മാത്രം കണ്ടിട്ടുള്ള അഭിനയപ്രതിഭയെ ഇത്രയടുത്ത് കാണുന്ന നിമിഷം അഭിമാനം നിറഞ്ഞതാണെന്ന് അവാർഡ് സമർപ്പിച്ച മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. 50,000 രൂപയും ഉണ്ണി കാനായി രൂപകല്പന ചെയ്ത ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.
പുരസ്കാരകമ്മിറ്റി കൺവീനറും മുൻ എം.എൽ.എയുമായ ടി.വി.രാജേഷ്,ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മൂത്തമകൻ ഭവദാസൻ,ഭാര്യ ഇന്ദിര,ഇളയമകനും ഹൈക്കോടതി ജസ്റ്റിസുമായ പി.വി.കുഞ്ഞികൃഷ്ണൻ,ഭാര്യ നിത,കൈതപ്രത്തിന്റെ ഭാര്യ ദേവി,ജഗതിയുടെ മകൻ രാജ്‌കുമാർ,ഭാര്യ പിങ്കി,എം.എൽ.എമാരായ ടി.ഐ.മധുസൂദനൻ,കെ.വി.സുമേഷ്,എം.വിജിൻ തുടങ്ങിയവർ പങ്കെടുത്തു.
ആശുപത്രിക്കിടക്കയിലെ കവിത
ഒരിക്കൽ ജഗതിയും താനും ഒരേ ആശുപത്രിയിൽ തൊട്ടടുത്ത മുറികളിൽ കിടന്നപ്പോൾ എല്ലാ ദിവസവും കാണാൻ അവസരം ലഭിച്ചിരുന്നതായി കൈതപ്രം പറഞ്ഞു. ആശുപത്രി വിട്ട ദിവസം ജഗതിയെക്കുറിച്ചൊരു കവിതകുറിച്ചു നൽകിയത് അദ്ദേഹം പോക്കറ്റിലിട്ടെന്നും ഹൃദയത്തോട് ചേർത്ത ആ കവിത ആരുചോദിച്ചിട്ടും ജഗതി നൽകിയില്ലെന്നും കൈതപ്രം കൂട്ടിച്ചേർത്തു.