ഇടതു ഭരണം നിലനിറുത്തേണ്ടത് തൊഴിലാളികളുടെ ആവശ്യം: ബിനോയ് വിശ്വം എ.ഐ.ടി.യു.സിയുടെ പടുകൂറ്റൻ മാർച്ച്

Saturday 18 January 2025 12:00 AM IST

തിരുവനന്തപുരം: തൊഴിലാളി വർഗത്തെ അവഗണിച്ചു മുന്നോട്ടു പോയാൽ ഇടത് സർക്കാരിന് തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച്. സി.പി.ഐ എം.എൽ.എമാർ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.

ഇടതുഭരണം നിലവിലുണ്ടായിരുന്ന പശ്ചിമബംഗാളിലെയും ത്രിപുരയിലെയും ഭരണനഷ്ടം ഓർമ്മപ്പെടുത്തിയായിരുന്നു മാർച്ച് ഉദ്ഘാടനം ചെയ്ത സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസാരിച്ചത്.

കേരളത്തിൽ മാത്രമാണ് ഇടതു മുന്നണിയുടെ ഭരണം നിലവിലുള്ളതെന്നും അത് നിലനിറുത്തേണ്ടത് കേരളത്തിലെ തൊഴിലാളി സമൂഹത്തിന്റെ ആവശ്യമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. തൊഴിലാളികളെ വിശ്വാസത്തിൽ എടുത്തുമാത്രമേ ഇടതുമുന്നണിക്ക് മുന്നോട്ടുപോവാൻ കഴിയൂ. അവരുടെ തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനും വേതനം കൃത്യമായി ലഭ്യമാക്കാനും കഴിയണം. കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി ഉപരോധം സൃഷ്ടിച്ച് തകർക്കാൻ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി.

സർക്കാർ ഭരണകാര്യങ്ങളിൽ മുൻഗണന പാലിക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ആവശ്യപ്പെട്ടു. നയപരമായ കാര്യങ്ങളിൽ വ്യതിയാനം ഉണ്ടായാൽ എ.ഐ.ടി.യു.സി ചെറുക്കും. പാളയം എം.എൽ.എ ഹോസ്റ്റലിന് സമീപത്തു നിന്നും ആരംഭിച്ച മാർച്ചിൽ അരലക്ഷത്തോളം പേർ പങ്കെടുത്തു. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് അദ്ധ്യക്ഷനായിരുന്നു.

ദേശീയ സെക്രട്ടറി ആർ.പ്രസാദ്,എ ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോൻ, മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജിമോൾ, ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ, എം.എൽ എമാരായ വാഴൂർ സോമൻ, പി.എസ്.സുപാൽ, ഇ.ടി.ടൈസൺ മാസ്റ്റർ, സി.കെ.ആശ, വി.ആർ.സുനിൽകുമാർ, വി.ശശി, സി.സി. മുകുന്ദൻ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, പ്രസിഡന്റ് സോളമൻ വെട്ടുകാട് എന്നിവർ സംസാരിച്ചു.

തൊഴിലാളികളുടെ തൊഴിലും കൂലിയും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുക, കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.