അംഗീകാര നിറവിൽ മട്ടാഞ്ചേരി പൊലീസ് സ്റ്റേഷൻ
മട്ടാഞ്ചേരി: സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷനായി മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തു. ജനസൗഹൃദ പൊലീസ് സ്റ്റേഷൻ എന്ന രീതിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് ഈ സ്റ്റേഷൻ. ജനമൈത്രി സംവിധാനം കുറ്റമറ്റരീതിയിൽ നടത്തിക്കൊണ്ടുപോകുന്ന സ്റ്റേഷൻ അധികൃതർ ജനങ്ങളെ പൂർണമായും വിശ്വാസത്തിലെടുത്തുള്ള പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്.
യുവാക്കളെ വഴിതെറ്റിക്കുന്ന ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ മികച്ച പ്രവർത്തനമാണ് ഇവിടെ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെപിടികൂടി ജയിലിലടച്ചു. സ്ഥിരം ലഹരിഇടപാടുകാരെ പിറ്റ് എൻ.ഡി.പി.എസ് ആക്ട് പ്രകാരം നിരവധിപേരെ കരുതൽ തടങ്കലിൽ ആക്കുന്നതിനും സാധിച്ചു. ഗുണ്ടാ, നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെയുള്ള കരുതൽ നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നു. മട്ടാഞ്ചേരി സ്റ്റേഷനിൽ എത്തുന്ന ബഹുഭൂരിപക്ഷം കേസുകളിലും ശക്തമായ നടപടി. മേലുദ്യോഗസ്ഥർക്ക് പരാതി നൽകേണ്ട സാഹചര്യം ഒഴിവാക്കി കൃത്യമായി കേസുകളിൽ ഇടപെടുന്നുവെന്നതും മുഖ്യമന്ത്രിയുടെ പുരസ്കാരത്തിന് അർഹത നേടാൻ കാരണമായി.
പൊലീസ് ഇൻസ്പെക്ടർ കെ.എ. ഷിബിൻ, എസ്.ഐ ജിമ്മി ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് ചുക്കാൻ പിടിക്കുന്നത്. ലാ ആൻഡ് ഓർഡർ എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സ്ക്രീനിംഗ് കമ്മിറ്റിയാണ് മട്ടാഞ്ചേരിയെ മികച്ച രണ്ടാമത്തെ സ്റ്റേഷനായി തിരഞ്ഞെടുത്തത്.
അവാർഡ് നേടിയ സ്റ്റേഷനുകൾ
1 തലശേരി
2 മട്ടാഞ്ചേരി
3 പുന്നപ്ര, പാലക്കാട് ടൗൺ നോർത്ത്