ഹേയ് കൊച്ചീ, റോഡ് നിയമങ്ങൾ പഠിക്കാം, മാതൃകയാവാം
കൊച്ചി: കൊച്ചി നഗരത്തെ സമ്പൂർണ റോഡ്നിയമ സാക്ഷരനഗരമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുമായി നഗരസഭ. മോട്ടോർ വാഹനവകുപ്പ്, പൊലീസ്, പി.ഡബ്ല്യു.ഡി, സി.എസ്.എം.എൽ എന്നീ വിഭാഗങ്ങളെ ഒന്നിച്ചുചേർത്ത് ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ പിന്തുണയോടെയാകും പദ്ധതി നടപ്പാക്കുക. റോഡ് സുരക്ഷാനിയമങ്ങൾ നടപ്പാക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ആറു മാസത്തെ ബോധവത്കരണമുൾപ്പെടെ നടപ്പാക്കിയാണ് പദ്ധതി ആവിഷ്കരിക്കുക. സംസ്ഥാന മോട്ടോർ വാഹനവകുപ്പിന്റെ സഹകരണവും എസ്.എസി.എം.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ടേഷന്റെ സാങ്കേതിക സഹായവുമുണ്ടാകും. ചെലവ്, എത്ര ഘട്ടമായി നടപ്പാക്കണം, പൂർണമായി നിലവിൽ വരുന്നത് എപ്പോൾ തുടങ്ങിയ കാര്യങ്ങളാകും പ്രാഥമികഘട്ട ചർച്ചയിൽ ഉണ്ടാവുക. വിദേശരാജ്യങ്ങളിലും മറ്റ് മെട്രോ പോളിറ്റൻ നഗരങ്ങളിലും ജനങ്ങൾ ട്രാഫിക്- റോഡ് നിയമങ്ങൾ സ്വമേധയാ പാലിക്കുന്നതിന് സമാനമായി കൊച്ചി നഗരത്തെയും ഭാവിയിൽ ജില്ലയെ ഒട്ടാകെയും മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
മംഗളവനം മുതൽ ഡി.എച്ച് വരെ സൈലന്റ് സോൺ
മംഗളവനം മുതൽ ദർബാർഹാൾ ഗ്രൗണ്ട് വരെയുള്ള സ്ഥലം സൈലന്റ് സോണാക്കുകയാണ് പദ്ധതിയുടെ ആദ്യഘട്ടം. വിവിധ വിഭാഗങ്ങളോടൊപ്പം പൊതുജനത്തിന്റെ സഹകരണത്തോടെയുമാകും സൈലന്റ് സോൺ നടപ്പാക്കുക. ഈ ദൂരം പരമാവധി ഹോൺ മുഴക്കൽ ഒഴിവാക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും പിന്നാലെ നടപ്പാക്കും. ഈ ഭാഗത്ത് റോഡ് നിയമങ്ങൾ കർശനമാക്കും. സിഗ്നലുകൾ ആവശ്യമെങ്കിൽ അത് ഏർപ്പെടുത്തും. കൂടുതൽ ട്രാഫിക് ഉദ്യോഗസ്ഥരെ ആവശ്യമെങ്കിൽ സജ്ജമാക്കും
എത്രയുംവേഗം പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഘട്ടംഘട്ടമായി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതും പരിഗണനയിലുണ്ട്. അഡ്വ.എം. അനിൽകുമാർ മേയർ