394 കുടുംബങ്ങൾക്ക് തലചായ്ക്കാനിടം

Sunday 19 January 2025 1:35 AM IST
തുരുത്തി​യി​ൽ നി​ർമ്മാണം പൂർത്തി​യാകുന്ന രണ്ട് രാജീവ് ആവാസ് യോജന ഫ്ളാറ്റുകൾ സന്ദർശി​ക്കാൻ മേയർ അഡ്വ.എം.അനി​ൽകുമാർ എത്തിയപ്പോൾ

• തുരുത്തി ഫ്ളാറ്റ് റെഡി, മാർച്ചിൽ ഉദ്ഘാടനം

ആകെ ഫ്ളാറ്റുകൾ രണ്ട്

ഭൂരഹിതരും ഭവനരഹിതരുമായ കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം

11 നിലകളുള്ള ഒന്നാംടവറിന് 41.74 കോടി ചെലവായി. 300 ചതുരശ്ര മീറ്റർ വീതമുള്ള 199 വീടുകൾ ഇതിലുണ്ട്.

13 നിലകളുള്ള രണ്ടാമത്തെ ടവറിന് 44.01 കോടി രൂപ ചെലവായി. പൊതുമുറ്റത്തിന് ചുറ്റുമായി ആകെ 195 വീടുകളുണ്ട്.

കൊച്ചി: തുരുത്തിയിൽ രാജീവ് ആവാസ് യോജന പദ്ധതി പ്രകാരം നിർമ്മിക്കുന്ന ഫ്ലാറ്റുകളുടെ നിർമ്മാണം പൂർത്തിയായി. രണ്ടാംഡിവിഷനായ കൽവത്തിയിലെ കൽവത്തി, കോഞ്ചേരി, തുരുത്തി കോളനി നിവാസികളുടെ പുനരധിവാസത്തിനായി റേ പദ്ധതിയിൽ (രാജീവ് ആവാസ് യോജന പദ്ധതി) നിർമ്മിച്ചതാണ് ഫ്ലാറ്റുകൾ. ഭൂരഹിതരും ഭവനരഹിതരുമായ 394 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം .

രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങളിൽ ഒന്ന് നഗരസഭയുടെ പദ്ധതിയിലും രണ്ടാമത്തേത് സി.എസ്.എം.എൽ പദ്ധതിയിൽ നഗരസഭയ്ക്കുവേണ്ടി കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡുമാണ് നിർമ്മിച്ചത്. 10796.42 ചതുരശ്ര മീറ്ററിൽ നഗരസഭ ഒരുക്കിയ 11 നില ഒന്നാംടവറിന് 41.74 കോടി ചെലവായി. 300 ചതുരശ്ര മീറ്റർ വീതമുള്ള 199 വീടുകൾ ഇതിലുണ്ട്.

ഓരോ യൂണിറ്റിലും ഡൈനിംഗ് / ലിവിംഗ് ഏരിയ, ബെഡ് റൂം, അടുക്കള, ബാൽക്കണി, 2 ടോയ്ലെറ്റുകൾ എന്നിവയുണ്ട്.

81 പാർക്കിംഗ് സ്ലോട്ടുകൾ, 105 കെ.എൽ.ഡി കപ്പാസിറ്റി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, 3 ലിഫ്റ്റുകൾ, 3 ഗോവണിപ്പടികൾ എന്നിവയുമുണ്ട്. ഒന്നാംനിലയിൽ 150 ചതുരശ്ര മീറ്ററും 11-ാം നിലയിൽ 800 ചതുരശ്രമീറ്ററും പൊതുസ്ഥലമാണ്.

ഫ്ളാറ്റ് സമുച്ചയത്തിന് താഴെ ഒരു അങ്കണവാടിയും 14 കടമുറികളും ഉണ്ട്.

സി.എസ്.എം.എൽ 44.01 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ രണ്ടാമത്തെ ടവറിന് 13 നിലകളാണ്. പൊതുമുറ്റത്തിന് ചുറ്റുമായി 13നിലകളിൽ, ആകെ 195 വീടുകളുണ്ട്. ഓരോ നിലയിലും 15 യൂണിറ്റുകൾ വീതം. താഴെ 18 കടമുറികളും, പാർക്കിംഗ് സൗകര്യവുമുണ്ട്. മൂന്ന് ലിഫ്റ്റുകളും കോവണിപ്പടികളുമുള്ള ടവർ 10221 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പണിതത്. റൂഫ്ടോപ്പിലും കോമൺ ഏരിയയിലും സോളാർ പാനലും സ്ഥാപിച്ചു. 68 കാറുകളും 17 ബൈക്കുകളും പാർക്ക് ചെയ്യാം.

ഉദ്ഘാടനം മാർച്ചിൽ

സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ നിർമ്മാണം പൂർത്തീകരിച്ച് മാർച്ചിൽ ഉദ്ഘാടനം ചെയ്യാനാകും. ഒന്നാംടവറിൽ 105 കെ.എൽ.ഡി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും രണ്ടാംടവറിൽ 100 കെ.എൽ.ഡി പ്ലാന്റും 300 കിലോ മാലിന്യ സംസ്കരണ പ്ലാന്റുമുണ്ടാകും.

അഡ്വ.എം.അനിൽകുമാർ

മേയർ