'സഞ്ജുവിന്റെ  കരിയർ   കെസിഎ  ഭാരവാഹികളുടെ  ഈഗോ  കാരണം  നശിക്കുകയാണ്'; രൂക്ഷ വിമർശനവുമായി ശശി തരൂർ

Saturday 18 January 2025 7:48 PM IST

തിരുവനന്തപുരം: ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലേക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനാകും. യശസ്വി ജയ്സ്വാൾ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവർ ടീമിൽ ഇടം നേടി. എന്നാൽ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിക്കാത്തത് മലയാളികളെ ഏറെ സങ്കടത്തിലാക്കി.

ഇപ്പോഴിതാ സംഭവത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂർ എംപി. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്റെ കരിയർ തകർക്കുകയാണെന്നാണ് ശശി തരൂർ ആരോപിച്ചത്. തന്റെ ഔദ്യോഗിക എക്സ് പേജിലൂടെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

'വിജയ് ഹസാരെ ട്രോഫിക്ക് മുന്നോടിയായി നടന്ന പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് സഞ്ജു കേരള ക്രിക്കറ്റ് അസോസിയേഷനെ മൂൻകൂട്ടി അറിയിച്ചിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ സന്നദ്ധത അറിയിച്ച് പിന്നീട് കെസിഎക്ക് കത്ത് നൽകുകയും ചെയ്തു. എന്നിട്ടും കെസിഎ വിജയ് സഹാരെക്കുള്ള കേരള ടീമിൽ സഞ്ജുവിനെ ഉൾപെടുത്തിയില്ല. അതാണിപ്പോൾ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് സ‌ഞ്ജുവിന്റെ പുറത്താകലിന് കാരണമായത്.

വിജയ് ഹസാരെയിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും (212*) ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം കളിച്ച ഏകദിനത്തിൽ സെഞ്ചുറിയും ഏകദിനത്തിൽ 56.66 ബാറ്റിംഗ് ശരാശരിയുമുള്ള ഒരു ബാറ്ററാണ് സഞ്ജു. അദ്ദേഹത്തിന്റെ ഭാവിയാണ് കെസിഎ ഭാരവാഹികളുടെ ഈഗോ കാരണം നശിപ്പിക്കുന്നത്. സഞ്ജുവിനെ തഴഞ്ഞതിലൂടെ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്റെ സാദ്ധ്യത കൂടിയാണ് കെസിഎ തകർത്തത്',- ശശി തരൂർ തന്റെ എക്സ് പേജിൽ കുറിച്ചു.