ഫ്ലക്സ് ബോർഡ് ഔട്ട്, പോസ്റ്റർ റീലോഡഡ്
കൊച്ചി: സമ്മേളനത്തിന്, അവാർഡ് ദാനത്തിന്, കല്ല്യാണത്തിന്, ചരമത്തിന്, ഫുൾ എ പ്ലസ് വാങ്ങി ജയിച്ചാൽ, എന്തിന് പത്തിൽ തോറ്റാൽ വരെ ഫ്ലക്സ് ബോർഡ്! കൊടിതോരണങ്ങൾ വേറെ. കേരം തിങ്ങും കേരളനാടിലെ തെരുവോരങ്ങൾ അനധികൃത ബോർഡുകൾ തിങ്ങിനിറഞ്ഞു. തോന്നിയപടി സ്ഥാപിക്കുന്ന ബോർഡുകൾ സഞ്ചാരസ്വാതന്ത്യം ഹനിക്കുന്നത് കണ്ടതോടെ ഹൈക്കോടതി വടിയെടുത്തു. ബോർഡുകൾ നീക്കിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പോക്കറ്റിൽ നിന്ന് പണം പോകുമെന്ന അവസ്ഥ വന്നതോടെ സംസ്ഥാനത്തെ വൻ നഗരങ്ങളിലെങ്കിലും സ്ഥിതി മാറി. അനധികൃത ബോർഡുകൾ ചുമന്നുമാറ്റി. ഏതാനും ലക്ഷങ്ങൾ പിഴയിനത്തിൽ ഖജനാവിന് ലഭിച്ചു. ഫ്ലക്സ് ബോർഡുകൾ കളംവിട്ടെങ്കിലും പ്രചാരണം ഒഴിവാക്കാൻ ആളുകൾക്ക് കഴിഞ്ഞില്ല. പഴയശൈലിയെ കൂട്ടുപിടിക്കുന്ന പ്രചാരണങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ് നഗരവീഥികൾ. കടലാസ് പോസ്റ്ററുകളും ചുവരെഴുത്തുകളുമാണ് പുതുവർഷത്തെ ട്രെൻഡ്.
സി.പി.എം. ജില്ലാ സമ്മേളനത്തിന്റെയടക്കം കടലാസ് പോസ്റ്ററുകളും ചുമരഴുത്തുകളുമാണ് ഇപ്പോൾ കാണുന്നത്. കൊച്ചി നഗരത്തിലടക്കം ഇവ വ്യാപകമായി പതിച്ചിട്ടുണ്ട്. സിനിമാക്കാരും കൂടുതലായി വാൾപോസ്റ്റുകളിലേക്ക് മടങ്ങി. പോസ്റ്ററുകൾ പതിക്കുന്നത് അംഗീകൃത സ്ഥലത്താണെന്ന് പൂർണമായി അംഗീകരിക്കാനാകില്ല. നിയമവിരുദ്ധമായി ഒട്ടിക്കുന്ന പോസ്റ്ററുകളും നിരവധിയുണ്ട്. എങ്കിലും പരിസ്ഥിതിക്ക് വലിയ ദോഷം ചെയ്യുന്നില്ലെന്നാതാണ് ആശ്വാസം.
പ്ലാസ്റ്റിക്കിന് സമാനമായ പരിസ്ഥിതി ഭീഷണിയാണ് ഫ്ലക്സ്ബോർഡുകൾ ഉയർത്തിയിരുന്നത്. നേതാക്കളേയും പ്രമുഖരേയും ജനങ്ങൾക്ക് ഫ്ലക്സ് വച്ച് മുഖം കാണിച്ച് പരിചയപ്പെടുത്തേണ്ട അവസ്ഥയുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. എന്തുകാര്യവും ബോർഡും ബാനറും വച്ച് വിളംബരം ചെയ്യുന്ന രീതി മാറ്റാനാകാത്തതുകൊണ്ടാണ് പാർട്ടികളും ആഘോഷക്കമ്മിറ്റികളും ചുവടുമാറ്റിപ്പിടിച്ചത്.
ഇളവുകൾക്ക് നീക്കം
അനധികൃത ബോർഡുകളുടെ നിയന്ത്രണം മറികടക്കാൻ ഭരണനേതൃത്വം തന്നെ വളഞ്ഞവഴി നോക്കുന്നതായും റിപ്പോർട്ടുകളുണ്ട്. തിരഞ്ഞെടുപ്പിലടക്കം പ്രചാരണ ബോർഡുകളില്ലെങ്കിൽ ക്ഷീണം ചെയ്യുമെന്ന ധാരണയിലാണിത്. തടസമുണ്ടാകാത്ത വിധം ബോർഡുകൾ സ്ഥാപിക്കുകയും ആവശ്യം കഴിഞ്ഞാൽ എടുക്കുമാറ്റുകയും ചെയ്യുന്ന വിധത്തിൽ ചില ഇളവുകൾ അനുവദിക്കാനാണ് നീക്കം. മുഖ്യമന്ത്രിതലത്തിൽ ഇതിന് പ്രാഥമിക ചർച്ച നടത്തിയതായും സൂചനയുണ്ട്. അത് കോടതിയുമായി മറ്റൊരു തീക്കളിക്ക് ഇടയാക്കാനാണ് സാദ്ധ്യത.
സംസ്ഥാനത്ത് നീക്കിയ ബോർഡുകളുടെ എണ്ണം: 2 ലക്ഷം+
പിഴ ചുമത്തിയത് (രൂപയിൽ): 1 കോടി+
കടലാസ് പോസ്റ്ററുകൾക്ക് ഡിമാന്റുണ്ട്. വർക്കുകൾ ഈയിടെ കൂടിയിട്ടുണ്ട്'
സുധീർ,
എസ്.ടി.റെഡ്യാർ പ്രിന്റേഴ്സ്