വിദ്യാർത്ഥികൾക്ക് ഇന്നവേഷൻ ചലഞ്ചുമായി മുത്തൂറ്റ് ഗ്രൂപ്പ്
സാമ്പത്തിക ഉൾപ്പെടുത്തലിന് മുത്തൂറ്റ് ഫിൻക്ളൂഷൻ ചലഞ്ച്
കൊച്ചി: സമൂഹത്തിന്റെ താഴെത്തട്ടിലിലുള്ളവർക്കും വികസനത്തിന്റെ പ്രയോജനങ്ങൾ ലഭ്യമാക്കുന്ന സാങ്കേതിക സംവിധാനങ്ങൾ വികസിപ്പിക്കുന്ന യുവജനങ്ങൾക്കായി ഇന്നവേഷൻ ചലഞ്ച് മുത്തൂറ്റ് ഗ്രൂപ്പ് പ്രഖ്യാപിച്ചു. സാമ്പത്തിക സേവനങ്ങൾ താഴെതട്ടിലും എത്തിക്കുന്നതിനുളള നൂതനമായ പരിഹാര മാർഗങ്ങൾ വികസിപ്പിക്കുന്നവർക്ക് 'മുത്തൂറ്റ് ഫിൻക്ലൂഷൻ ചലഞ്ചിലൂടെ' ഒൻപത് ലക്ഷം രൂപയുടെ സമ്മാനങ്ങളും വിജയികൾക്ക് പ്രത്യേകമായി പ്രീ-പ്ലേസ്‌മെന്റ് ഇന്റർവ്യു അവസരങ്ങളും പുതുമകൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു പ്ലാറ്റ്ഫോമും മത്സരത്തിലുണ്ടാകും.
മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ആൻഡ് സയൻസും (എം.ഐ.ടി.എസ്) മുത്തൂറ്റ് ബിസിനസ് സ്കൂളും (എം.ബി.എസ്) പദ്ധതിയുടെ പങ്കാളികളാണ്. വിവിധ അദ്ധ്യയന വർഷങ്ങളിലെ ബി.ഇ/ബി.ടെക്, ഇന്റഗ്രേറ്റഡ് ഡ്യുവൽ-ഡിഗ്രി വിദ്യാർത്ഥികൾക്കും തിരഞ്ഞെടുത്ത കോളേജുകളിലെ ഫുൾ ടൈം എം.ബി.എ വിദ്യാർത്ഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം.
സാമ്പത്തിക വളർച്ചയുടെ നേട്ടം എല്ലാവരിലും എത്തിക്കാനുള്ള ഫലപ്രദമായ പരിഹാര മാർഗങ്ങൾ ഈ പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നതായി മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. വിജയികൾക്ക് അഞ്ച് ലക്ഷം രൂപയും ഫസ്റ്റ് റണ്ണേഴ്സ് അപ്പിന് മൂന്ന് ലക്ഷം രൂപയും സെക്കൻഡ് റണ്ണേഴ്സ് അപ്പിന് ഒരു ലക്ഷം രൂപയും ലഭിക്കും.