ശബരിമലയിൽ ഇന്ന് വലിയ ഗുരുതി; നാളെ നടയടയ്ക്കും

Sunday 19 January 2025 4:16 AM IST

ശബരിമല: മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി കുറിക്കുന്ന ശബരിമലയിൽ ഇന്ന് വലിയ ഗുരുതി നടക്കും. രാത്രി 11ന് നടഅടച്ചശേഷം മാളികപ്പുറം മണിമണ്ഡപത്തിന് മുന്നിൽ പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമ്മയുടെ സാന്നിദ്ധ്യത്തിലാകും വലിയ ഗുരുതി. നാളെ രാജപ്രതിനിധിക്ക് മാത്രമാണ് സന്നിധാനത്ത് ദർശനം. രാവിലെ 5ന് നടതുറന്നശേഷം കിഴക്കേമണ്ഡപത്തിൽ ഗണപതിഹോമം. തുടർന്ന് രാജപ്രതിനിധി സോപാനത്തെത്തി അയ്യപ്പ ദർശനം നടത്തും. അദ്ദേഹം മടങ്ങിയ ശേഷം മേൽശാന്തി അരുൺ കുമാർ നമ്പൂതിരി അയ്യപ്പനെ ഭസ്മാവിഭൂഷിതനാക്കി കഴുത്തിൽ രുദ്രാക്ഷമാലയും കൈയിൽ യോഗദണ്ഡും അണിയിച്ച് യോഗനിദ്യ‌യിലാക്കും. ഹരിവരാസനം പാടി ശ്രീലകത്തെ വിളക്കുകളണച്ച് മേൽശാന്തി പിന്നോട്ട് ചുവടുവച്ചു പുറത്തിറങ്ങി ശ്രീകോവിൽ നടയടയ്ക്കും. തുടർന്ന് താക്കോൽക്കൂട്ടവും പണക്കിഴിയുമായി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്ത് കാത്തുനിൽക്കുന്ന രാജപ്രതിനിധിക്ക് കൈമാറും. ഇവ സ്വീകരിച്ച ശേഷം മേൽശാന്തിക്ക് തിരികെ നൽകി,തുടർന്നുള്ള ഒരു വർഷത്തെ പൂജകൾ നടത്താൻ അദ്ദേഹം നിർദ്ദേശിക്കും. തുടർന്ന് രാജപ്രതിനിധി തിരുവാഭരണത്തോടൊപ്പം പന്തളത്തേക്ക് മടക്കയാത്ര ആരംഭിക്കും.

ഇന്നലെ തിരുവാഭരണം ചാർത്തിയുള്ള ദർശനവും തീർത്ഥാടനകാലത്തെ അവസാനത്തെ കളഭാഭിഷേകവും നടന്നു. രാത്രി മാളികപ്പുറം മണിമണ്ഡപത്തിൽ നിന്ന് താളമേളങ്ങളുടെയും തീവെട്ടികളുടെയും അകമ്പടിയോടെ ആഘോഷപൂർവം ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടത്തി. ശരംകുത്തിയിൽ വേട്ടക്കുറുപ്പന്മാരുടെ നേതൃത്വത്തിൽ നായാട്ടുവിളി നടന്നു. ഒരു ലക്ഷത്തിലധികം തീർത്ഥാടകരാണ് ഇന്നലെ ദർശനം നടത്തിയത്.