നബീസ വധം: ചുരുളഴിഞ്ഞത് ആത്മഹത്യാ കുറിപ്പിലൂടെ

Sunday 19 January 2025 12:45 AM IST

പാലക്കാട്/മണ്ണാർക്കാട്: നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി നൽകി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ എട്ടുവർഷം നീണ്ട വിചാരണയ്ക്കുശേഷം നബീസയുടെ കൊച്ചുമകനായ ബഷീറിനും (45), ഭാര്യ ഫസീലയ്ക്കും (36) ജീവപര്യന്തം തടവ് വിധിച്ചിരിക്കുകയാണ് മണ്ണാർക്കാട് പട്ടികജാതിപട്ടികവർഗ പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ.പിഴയടക്കുന്നപക്ഷം ഇതിൽ നിന്നും രണ്ടുലക്ഷം രൂപ കൊല്ലപ്പെട്ട നബീസയുടെ സംസാര ശേഷിയില്ലാത്ത മകൾക്ക് നൽകാനും കോടതി ഉത്തരവിട്ടു. ദൃക്സാക്ഷികളോ നേരിട്ടുള്ള തെളിവുകളോ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് നിർണായകമായത്‌. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.ജയൻ ഹാജരായി.

എഴുതാൻ അറിയാത്ത നബീസയുടെ പേരിൽ ഫസീല എഴുതിയ വ്യാജ ആത്മഹത്യാകുറപ്പാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

2016 ജൂൺ 24നു രാവിലെയാണു മണ്ണാർക്കാടിന് സമീപം ആര്യമ്പാവ് ചെട്ടിക്കാട് ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ സഞ്ചിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും മൊബൈൽ ഫോണും കണ്ടെടുത്തിരുന്നു. ഫസീലയുടെ 43 പവൻ സ്വർണാഭരണം ദുരൂഹ സാഹചര്യത്തിൽ കാണാതായിരുന്നു. ഇതു നബീസ എടുത്തതാണെന്നാണ് ഫസീല പറഞ്ഞിരുന്നു. ഇതു ഫസീല തന്നെ ഒളിപ്പിച്ചതാണെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു. ബന്ധുവിന്റെ ആഭരണം നഷ്ടമായ സംഭവത്തിൽ ഫസീലയ്ക്ക് പങ്കുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ഈ സംഭവങ്ങളെല്ലാം നബീസ പുറത്തുപറഞ്ഞതിനാലാണ് നബീസയെ ഇല്ലാതാക്കാൻ ഫസീല തീരുമാനിച്ചത്.

2016 ജൂൺ 21നു മണ്ണാർക്കാട് നൊട്ടന്മലയിലെ ബന്ധുവിന്റെ വീട്ടിലേക്കു പോയ നബീസയെ 22നു ബഷീർ താമസിക്കുന്ന മണ്ണാർക്കാട്ടെ വാടകവീട്ടിലേക്കു കൊണ്ടുപോയി.

അന്ന് രാത്രി ചീരക്കറിയിൽ ചിതലിനുള്ള മരുന്നുചേർത്ത് നൽകി. ഇതു കഴിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മനസിലാക്കിതോടെ പ്രതികൾ രാത്രി ബലം പ്രയോഗിച്ച് വായിലേക്ക് വിഷം ഒഴിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിച്ചശേഷം മൃതദേഹം ഒരുദിവസം വീട്ടിൽ സൂക്ഷിച്ചു. 24ന് രാത്രി ബഷീറും ഫസീലയും തയ്യാറാക്കിയ ആത്മഹത്യാക്കുറിപ്പ് സഹിതം മൃതദേഹം ആര്യമ്പാവിലെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.

നബീസയെ കാണാനില്ലെന്നു പരാതിപ്പെടാനും മൃതദേഹം കണ്ടെത്തിയപ്പോൾ മൊഴിനൽകാനും മുന്നിലുണ്ടായിരുന്നതു ബഷീറാണ്. ആത്മഹത്യാ കുറിപ്പും മൊബൈൽ കോൾ ലിസ്റ്റും പരിശോധിച്ചാണു പ്രതികളിലേക്ക് എത്തിയത്.

ഫസീലയ്‌ക്കെതിരെ

വേറെയും കേസുകൾ ഭർതൃപിതാവിനെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഫസീലയ്ക്ക് 5 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും ഒറ്റപ്പാലം അഡീഷനൽ ജില്ലാ സെഷൻസ് കോടതി നേരത്തേ ശിക്ഷ വിധിച്ചിരുന്നു. ഈ കേസിന്റെ വിധിക്ക് എതിരെ അപ്പീൽ നൽകി കാത്തിരിക്കുകയാണ്. 2024 ഫെബ്രുവരി 21നു തൃപ്പൂണിത്തുറയിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കയറി ജീവനക്കാരന്റെ മുഖത്തേക്ക് മുളകുവെള്ളം സ്‌പ്രേ ചെയ്ത് മർദിച്ച് കഴുത്തിലെ മാലയും മേശയിലുണ്ടായിരുന്ന 10,000 രൂപയും കവർന്ന സംഭവത്തിൽ ഫസീലയ്‌ക്കെതിരെ കേസുണ്ട്.