എ.ഡി.ജി.പി അജിത്തിനെതിരെ 7കാര്യങ്ങളിൽ അന്വേഷണം

Sunday 19 January 2025 12:47 AM IST

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ ഏഴു കാര്യങ്ങളിൽ അന്വേഷണത്തിന് വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നിർദ്ദേശിച്ചു. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമ്മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വില്പന, മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറി എന്നീ പരാതികളുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. അജിത്കുമാറിന്റെയും കുടുംബാംഗങ്ങളുടെയും സാമ്പത്തിക സ്രോതസുകൾ വിശദമായി പരിശോധിക്കാനുള്ളതാണ് നിർദ്ദേശങ്ങൾ. അന്വേഷണ സംഘത്തിലെ ഡിവൈ.എസ്.പി ബിജുപാപ്പച്ചനാണ് ഡയറക്ടർ നിർദ്ദേശം കൈമാറിയത്. അന്തിമ അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം തയ്യാറാവും. പരാതികൾക്കും ആക്ഷേപങ്ങൾക്കും ഇടവരുത്താതെ റിപ്പോർട്ട് തയ്യാറാക്കണമെന്നും നിർദ്ദേശത്തിലുണ്ട്.

പി.വി.അൻവറുടെ പരാതിയിലാണ് വിജിലൻസിന്റെ പ്രാഥമികാന്വേഷണം. അജിത്തിന്റെ അക്കൗണ്ടുകളുടെ വിവരങ്ങൾ എല്ലാ ബാങ്കുകളിൽ നിന്നും ശേഖരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെയടക്കം സ്വത്തുവിവരങ്ങളും ശേഖരിച്ചു. റെയിൽവേയിൽ ഉന്നത ഉദ്യോഗസ്ഥയായ സഹോദരിയുടെയും സ്വത്തുവിവരമെടുത്തു. ഇതിൽ അസ്വാഭാവികമായി ഒന്നുമില്ല. പക്ഷേ, ചില സ്വത്തുക്കൾ പരമ്പരാഗതമായി കിട്ടിയതാണെന്ന് അജിത് അവകാശപ്പെടുന്നുണ്ട്. ഇതിലും മറ്റ് സ്വത്തുവകകൾ വാങ്ങാനുള്ള വരുമാനം സംബന്ധിച്ചും വിശദമായ അന്വേഷണത്തിനാണ് ഡയറക്ടറുടെ നിർദ്ദേശം.

കവടിയാറിലെ വീടുനിർമ്മാണത്തിന് എസ്.ബി.ഐയിൽ നിന്ന് അജിത് ഒന്നരക്കോടി വായ്പയെടുത്തിട്ടുണ്ട്. കുറവൻകോണത്ത് 2009ൽ 37ലക്ഷത്തിന് ഫ്ലാറ്ര് വാങ്ങിയതും 25ലക്ഷം വായ്പയെടുത്താണ്. 2013ൽ നിർമ്മാതാക്കൾ ഫ്ലാറ്റ് കൈമാറി. നാലുവർഷം കഴിഞ്ഞ് 65ലക്ഷത്തിന് വിറ്റു. ഇതിന് 10ദിവസം മുൻപ് മാത്രമാണ് സ്വന്തം പേരിലേക്ക് രജിസ്റ്റർ ചെയ്തത്. ഇത് കള്ളപ്പണം വെളുപ്പിക്കാനാണെന്നാണ് അൻവറിന്റെ പരാതി.