കുരുമുളക് വിളവെടുപ്പു തുടങ്ങി: ഉത്പാദനത്തിൽ 30% കുറവ്
കിഴക്കഞ്ചേരി: പാലക്കുഴിയിൽ കുരുമുളക് വിളവെടുപ്പ് തുടങ്ങിയെങ്കിലും കർഷകർക്ക് നഷ്ടക്കണക്ക്. ഉത്പാദനം 30 ശതമാനം കുറഞ്ഞതായി കർഷകർ പറഞ്ഞു. ഒരു ചെടിയിൽ നിന്നുള്ള കുരുമുളക് ഉണക്കിയെടുക്കുമ്പോൾ ഒന്നരക്കിലോഗ്രാം ലഭിച്ചിരുന്നത് ഇത്തവണ ഒരു കിലോഗ്രാമായെന്ന് കർഷകർ പറയുന്നു.
കുരുമുളക് തിരിയിടുന്ന സമയത്ത് മഴലഭിച്ചത് അനുഗ്രഹമായെങ്കിലും പിന്നീട് മഴ ലഭിക്കാതിരുന്നതാണ് തിരിച്ചടിയായത്. ചെടികളിൽ നന്നായി തിരിയിട്ടെങ്കിലും മഴക്കുറവിനെത്തുടർന്ന് മിക്ക തിരികളും കായപിടിക്കാതെ കൊഴിഞ്ഞുപോവുകയായിരുന്നു. കഴിഞ്ഞവർഷം കുരുമുളക് തിരിയിടുന്ന സമയത്ത് മഴ ലഭിക്കാതിരുന്നത് ഉത്പാദനത്തെ ബാധിച്ചിരുന്നു. തുടർച്ചയായ വർഷങ്ങളിൽ കാലാവസ്ഥാ മാറ്റത്തെത്തുടർന്ന് ഉത്പാദനം കുറയുന്നത് കർഷകരെ ആശങ്കയിലാക്കുന്നുണ്ട്. പാലക്കുഴിയിൽ 300ഓളം കർഷകരുടെ പ്രധാന വരുമാനമാർഗം കുരുമുളകാണ്. ഉത്പാദനക്കുറവിനുപുറമേ കൂലി കൂടിയതും കർഷകർക്ക് തിരിച്ചടിയായി. കഴിഞ്ഞവർഷം 700 രൂപ കൂലിയായിരുന്നത് ഈവർഷം 800 രൂപയായെന്ന് കർഷകർ പറഞ്ഞു. വളത്തിന്റെ വിലവർദ്ധന കർഷകരെ പ്രതിസന്ധിയിലാക്കി. കാട്ടുപന്നിശല്യവും കർഷകർക്ക് തലവേദനയാകുന്നുണ്ട്. കുരുമുളകുചെടിയുടെ ചുവടുകൾ കുത്തിമറിക്കുന്നതിനാൽ കാട്ടുപന്നികൾ ചെടിനശിപ്പിക്കുന്ന സ്ഥിതിയാണ്. കുരുമുളക് കൃഷി വികസനത്തിനായി പാലക്കുഴിയിൽ ക്ലസ്റ്റർ രൂപവത്കരിച്ച് കൃഷിഭവൻ മുഖാന്തരം മുന്നുവർഷത്തേക്ക് വളം വിതരണംചെയ്യുന്ന പദ്ധതി ആരംഭിച്ചെങ്കിലും ഒരുവർഷം മാത്രമാണ് ലഭിച്ചത്. കുരുമുളകുവില കഴിഞ്ഞ വർഷത്തേക്കാൾ അൽപ്പം കൂടുതലുള്ളത് മാത്രമാണ് ആശ്വാസം.