ശബരിമലയിൽ അപ്പം വിതരണത്തിൽ നിയന്ത്രണം

Monday 20 January 2025 12:12 AM IST

ശബരിമല : സന്നിധാനത്തെ പ്രധാന പ്രസാദങ്ങളിലൊന്നായ അപ്പം വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇന്നലെ ഉച്ചയോടെ അപ്പം വിതരണം ചെയ്യുന്നത് കൗണ്ടറുകളിൽ പൂർണമായി നിറുത്തിവച്ചു. വൈകിട്ടോടെ ഒരാൾക്ക് രണ്ടെണ്ണം എന്ന നിലയിൽ മാത്രമാണ് വിതരണം ചെയ്തത്. തീർത്ഥാടനത്തിന്റെ തുടക്കത്തിൽ അപ്പം, അരവണ പ്രസാദങ്ങൾക്ക് ഈ തീർത്ഥാടന കാലത്ത് നിയന്ത്രണം ഏർപ്പെടുത്തില്ലെന്നും മതിയായ മുൻ കരുതൽ ശേഖരം ഉണ്ടെന്നും ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്ത് വ്യക്തമാക്കിയിരുന്നു. എന്നാൽ നട അടയ്ക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ അപ്പം പ്രസാദത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നത് ദേവസ്വം ബോർഡിന് കല്ലുകടിയായി. നടയടക്കാൻ ഇനി ഒരു ദിവസം മാത്രം ബാക്കി നിൽക്കെ കൂടുതൽ അപ്പം ഉണ്ടാക്കിയാൽ വിറ്റുപോയില്ലെങ്കിൽ നഷ്ടം സംഭവിക്കുമെന്നാണ് ദേവസ്വം ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. മാത്രമല്ല ദേവസ്വം ബോർഡ് പ്രതിക്ഷിച്ചതിലും കൂടുതൽ ഭക്തർ മകരവിളക്കിന് ശേഷം സന്നിധാനത്ത് എത്തിയതും ബോർഡിന്റെ കണക്കുകൂട്ടൽ തെറ്റുന്നതിന് കാരണമായി.