തർക്കത്തിന് വിരാമം, ഒടുവിൽ രാജിയുടെ രാജി
പത്തനംതിട്ട : ചർച്ചയ്ക്കും തർക്കത്തിനും വിരാമമിട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ രാജിവച്ചു. ഇതോടെ, മുന്നണിയിലെ ആഴ്ചകൾ നീണ്ട തർക്കത്തിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനായുള്ള കേരള കോൺഗ്രസ് എമ്മിന്റെ കാത്തിരിപ്പിനും അവസാനമായി. അരുണാചലിൽ യാത്രയിലാണ് സി.പി.ഐ പ്രതിനിധിയായ രാജി പി.രാജപ്പൻ. യാത്ര പോകുന്നതിന് മുൻപ് ഗസറ്റഡ് ഓഫീസറുടെ സാന്നിദ്ധ്യത്തിൽ രാജി പി.രാജപ്പൻ ഒപ്പിട്ട രാജിക്കത്ത് സി.പി.െഎ ജില്ലാ നേതൃത്വത്തിന് കൈമാറിയിരുന്നു. ഇത് ഇന്നലെ രാവിലെ 10ന് ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ ഏൽപ്പിച്ചു. രാജി സ്വീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് മെയിൽ ചെയ്തു. റാന്നി ഡിവിഷനിലെ കേരള കോൺഗ്രസ് (എം) പ്രതിനിധി ജോർജ് ഏബ്രഹാമാണ് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. പതിനഞ്ചു ദിവസത്തിനുള്ളിൽ സ്ഥാനമേൽക്കും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി.പി.എം രാജിവച്ചതോടെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെക്കാൻ സി.പി.ഐ തയ്യാറായത്. എൽ.ഡി.എഫിലെ ധാരണപ്രകാരം അവസാന ഒരുവർഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസ് (എം)നായിരുന്നു. എന്നാൽ മുന്നണി ധാരണകൾ പാലിക്കാൻ സി.പി.എമ്മും സി.പി.ഐയും തയ്യാറാകാത്തതോടെ കേരള കോൺഗ്രസ് എമ്മിന്റെ കാത്തിരിപ്പ് നീണ്ടു. ഇത് കടുത്ത പ്രതിഷേധത്തിനും കാരണമായി. സമയപരിധി കഴിഞ്ഞിട്ടും രാജിവെയ്ക്കാത്തത് മുന്നണി മര്യാദയുടെ ലംഘനമാണെന്നും അധാർമികതയാണെന്നും കേരള കോൺഗ്രസ് (എം) ജില്ലാ നേതൃത്വം ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി.പി.എം രാജിവച്ചിരുന്നു. ഇന്നലെ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൂടി ഒഴിഞ്ഞതോടെ സി.പി.ഐയുടെ ഉപാധികൾ അംഗീകരിക്കപ്പെട്ടു. ഇതോടെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാമെന്ന തീരുമാനത്തിൽ സി.പി.ഐ എത്തിയത്.
മുന്നണി ധാരണകൾ പാലിച്ചതിനെ സ്വാഗതം ചെയ്യുന്നു. എൽ.ഡി.എഫ് കൂടുതൽ കെട്ടുറപ്പോടെ വരുന്ന തദ്ദേശതിരഞ്ഞെടുപ്പിനെ നേരിടും.
സജി അലക്സ്, ജില്ലാ പ്രസിഡന്റ്
കേരള കോൺഗ്രസ് (എം)