വിൽപ്പത്രക്കേസ് പാളി,​ മന്ത്രിക്ക് ആശ്വാസം; അതിൽ ഒപ്പിട്ടത് ബാലകൃഷ്ണപിള്ള തന്നെ

Sunday 19 January 2025 12:15 AM IST

കൊല്ലം: മുൻ മന്ത്രിയും കേരള കോൺഗ്രസ് (ബി) ചെയർമാനുമായിരുന്ന ആർ.ബാലകൃഷ്ണപിള്ളയുടെ വിൽപ്പത്രത്തിൽ ക്രമക്കേടില്ലെന്നും ഒപ്പ് അദ്ദേഹത്തി​ന്റേതാണെന്നും ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. ഇതോടെ, മൂത്ത സഹോദരി ഉഷാ മോഹൻദാസുമായുള്ള സ്വത്ത് തർക്കക്കേസിൽ മന്ത്രി കെ.ബി.ഗണേശ് കുമാറിന് ആശ്വാസമായി.

പിള്ളയുടെ വിൽപ്പത്ര പ്രകാരം സ്വത്തുക്കളിൽ വലിയൊരു പങ്കും മകൻ കെ.ബി.ഗണേശ് കുമാറിന് ലഭിച്ചിരുന്നു. തുടർന്നാണ് വിൽപ്പത്രത്തിലെ ഒപ്പുകൾ വ്യാജമാണെന്നുകാട്ടി ഉഷ മോഹൻദാസ് കോടതിയെ സമീപിച്ചത്. അച്ഛന്റെ ആരോഗ്യം മോശമായിരുന്നകാലത്ത് ഗണേശ് കുമാർ വ്യാജ ഒപ്പോടുകൂടി വിൽപ്പത്രം തയ്യാറാക്കി സ്വത്ത് തട്ടിയെന്നായി​രുന്നു ഉഷയുടെ പരാതി. കൊട്ടാരക്കര മുൻസിഫ് കോടതിയാണ് ഫോറൻസിക് പരിശോധന നിർദ്ദേശിച്ചത്. സ്റ്റേറ്റ് ഫോറൻസിക് ലാബിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം കോടതിയിലെത്തി. തിരഞ്ഞെടുപ്പ് രേഖകളിലെ ഒപ്പ്, മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാനായിരിക്കെയുള്ള ഒപ്പ് തുടങ്ങി ബാലകൃഷ്ണ പിള്ളയുടെ വിവിധ ഒപ്പുകൾ പരിശോധിച്ചതിന്റെ റിപ്പോർട്ടുകളാണ് ലഭി​ച്ചത്. ഒപ്പുകൾ പിള്ളയുടേത് തന്നെയെന്ന് ഒപ്പമുണ്ടായിരുന്ന കാര്യസ്ഥൻ അന്നുതന്നെ വ്യക്തമാക്കിയിരുന്നു.

കൂടുതൽ സ്വത്ത് ഗണേശിന്

29 ഇടങ്ങളിലായി 50 ഏക്കർ ഭൂമി, കൊടൈക്കനാലിൽ ഇരുനില വീട്, വാളകത്ത് സ്കൂളും ബി.എഡ് കോളേജും, കൊട്ടാരക്കര പട്ടണത്തിലെ വീട്, വാളകത്തെ വീട്, 270 പവൻ എന്നിവയാണ് ആർ.ബാലകൃഷ്ണപിള്ള മക്കൾക്ക് വീതംവച്ചത്. 2020 ആഗസ്റ്റ് 9ന് വിൽപ്പത്രം തയ്യാറാക്കി. ഭൂരിഭാഗം സ്വത്തും ഗണേശ് കുമാറിന്റെ പേരിലാണ്. 2017ൽ പിള്ള വിൽപ്പത്രം തയ്യാറാക്കിയിരുന്നുവെന്നും ഇത് മാറ്റി 2020ൽ കൃത്രിമമായി ഗണേശ് കുമാർ വിൽപ്പത്രം തയ്യാറാക്കിയെന്നുമാണ് ഉഷാ മോഹൻദാസിന്റെ ആരോപണം. എന്നാൽ ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണൻ ഗണേശ് കുമാറിനൊപ്പം നിന്നു.

മന്ത്രിപദം തടയാൻ

സഹോദരി ഉഷ മോഹൻദാസും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഭർത്താവ് മോഹൻദാസും മുഖ്യമന്ത്രി പിണറായി വിജയനെയും ഇടത് നേതാക്കളെയും കണ്ട് വിൽപ്പത്രം വിവാദമാക്കിയിരുന്നു. രണ്ടാം പിണറായി സർക്കാരിൽ കെ.ബി.ഗണേശ് കുമാറിനെ ഉൾപ്പെടുത്താൻ രണ്ടര വർഷത്തോളം വൈകിയത് ഇക്കാരണത്താലാണ്.

ആരോപണങ്ങളെല്ലാം തെറ്റായിരുന്നുവെന്ന് കാലം തെളിയിച്ചു. അതിൽ സന്തോഷവും അഭിമാനവും ഉണ്ട്. അച്ഛൻ സ്വാധീനത്തിൽ വഴങ്ങുന്ന ആളല്ല. വിൽപ്പത്രത്തിലെ ഭാഷയും ഉപയോഗിച്ച രീതിയുമൊക്കെ അച്ഛനുമായി അടുപ്പമുള്ളവർക്കെല്ലാം മനസിലാകും. കേസിന്റെ ഒരു ഘട്ടം കഴിഞ്ഞു. ഇനി ബാക്കി കോടതി തീരുമാനിക്കട്ടെ. സത്യം തെളിയാൻ എത്രകാലവും കാത്തിരിക്കും

-കെ.ബി.ഗണേശ് കുമാർ, മന്ത്രി