വരുമാനം കൂട്ടാൻ വാട്ടർ അതോറിട്ടി , വൻകിടക്കാരുടെ നിരക്ക് ഉയർത്തും, 30 ശതമാനം വരെ കൂട്ടിയേക്കും

Sunday 19 January 2025 12:18 AM IST

വിദ്യാലയങ്ങൾക്കും സന്നദ്ധ സ്ഥാപനങ്ങൾക്കും കുറയ്ക്കും

തിരുവനന്തപുരം: വാട്ടർ അതോറിട്ടി വരുമാനം വർദ്ധിപ്പിക്കാൻ മാളുകൾ, സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ തുടങ്ങിയ വൻകിട ഉപഭോക്താക്കളുടെ താരിഫ് ഉയർത്തും. നിലവിൽ ഗാർഹികേതരം എന്ന ഒറ്റ വിഭാഗത്തിലാണ് ചെറുതും വലുതുമായ ഇത്തരം സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്.1.84 ലക്ഷം ഗാർഹികേതര കണക്ഷനുകളുണ്ട്.ഇവയുടെ നിരക്കാണ് ഉയർത്തുന്നത്. ഇവയെ ജല ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ മൂന്നോ അതിൽ കൂടുതലോ ഉപവിഭാഗങ്ങളാക്കി തിരിച്ച് വ്യത്യസ്ത താരിഫ് നിശ്ചയിക്കാനാണ് നീക്കം. നിലവിൽ ഗാർഹികേതര ഉപഭോക്താക്കൾക്ക് 10000 ലിറ്ററിന് 641 രൂപയാണ്. ഇത് 30 ശതമാനം വരെ ഉയർത്തിയേക്കും. നിരക്ക് നിശ്ചയിച്ചിട്ടില്ല.

അതേസമയം, സ്കൂൾ, സന്നദ്ധ സ്ഥാപനങ്ങൾ, ലൈബ്രറി, ആരോഗ്യ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ എന്നിവയ്ക്ക് കുറഞ്ഞ നിരക്ക് ഏർപ്പെടുത്തും.വൻകിട സ്ഥാപനങ്ങൾക്ക് നിരക്ക് ഉയർത്താനും സേവനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നിരക്ക് കുറയ്ക്കാനും വാട്ടർ അതോറിട്ടി ബോർഡ് യോഗം അംഗീകാരം നൽകി. പൊതുജനങ്ങൾക്ക് ബാദ്ധ്യതയുണ്ടാക്കാതെ വരുമാനം വർദ്ധിപ്പിക്കാനാകുമെന്ന് ബോ‌ർഡ് യോഗം വിലയിരുത്തി.

ഗാർഹികം, ഗാർഹികേതരം, വ്യാവസായികം എന്നിങ്ങനെ മൂന്ന് താരിഫ് ഘടനയിലാണ് നിലവിലുള്ളത്.

കെ.എസ്.ഇ.ബി മാതൃക

# കെ.എസ്.ഇ.ബിയുടെ വൈദ്യുതി താരിഫ് ഘടനയ്ക്ക് സമാനമായി ക്ലാസിഫിക്കേഷൻ കൊണ്ടുവരാനാണ് പദ്ധതി . ഉപഭോക്താക്കളുടെ വിവരങ്ങളും അവരുടെ ഉപയോഗവും ആദ്യഘട്ടത്തിൽ രേഖപ്പെടുത്തും.

ഇതിനായി മീറ്റർ റീഡർമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

# അവർ ശേഖരിക്കുന്ന വിവരങ്ങൾ ഫെബ്രുവരി 28നകം കൈമാറും. തുടർന്ന് താരിഫ് ഘടന പരിഷ്കരിച്ച് ഉപഭോക്താക്കളെ കാറ്റഗറി വേർതിരിച്ച് പട്ടികയിൽ ഉൾപ്പെടുത്തി പ്രസിദ്ധപ്പെടുത്തും. അതിന്മേലുള്ള ആക്ഷേപങ്ങളും പരാതികളും പൊതുജനങ്ങളിൽ നിന്നടക്കം സ്വീകരിച്ച് പരിശോധിച്ച് മാത്രമേ അന്തിമ നിർണ്ണയം നടത്തുകയുള്ളൂ.

2154 കോടി:

നിലവിൽ മൊത്തം ബില്ലിംഗ്

പ്രകാരം കിട്ടേണ്ട വാർഷികത്തുക

1249.11 കോടി:

2023-24ൽ ലഭിച്ചത്