ഒഴി​വുകൾ ഒളി​ച്ചുവച്ച് കേരള ബാങ്ക്; ക്ലർക്ക്, കാഷ്യർ പട്ടി​ക ചുരുക്കി പി​.എസ്.സി​

Sunday 19 January 2025 1:14 AM IST

ആശങ്കയിൽ ഉദ്യോഗാർത്ഥികൾ

കൊല്ലം: ഒഴി​വുകൾ റി​പ്പോർട്ട് ചെയ്യാത്തതി​നാൽ കേരള ബാങ്കി​ലെ ക്ലർക്ക്, കാഷ്യർ തസ്തികയിലേക്കുള്ള സാദ്ധ്യതാ ലിസ്റ്റ് ചുരുങ്ങുമെന്ന ആശങ്കയിൽ ഉദ്യോഗാർത്ഥികൾ.

പി.എസ്.സി പുറപ്പെടുവിച്ച 063/ 2024 വിജ്ഞാപനത്തിൽ 207 ഒഴിവുകളാണ് പറഞ്ഞിട്ടുള്ളത്. കേരളബാങ്കുമായി ലയിപ്പിച്ചതിനാൽ ജില്ലാ സഹകരണ ബാങ്കുകളിൽ പ്രത്യേക നിയമനമില്ല. അതി​നാൽ പഴയ ജില്ലാ സഹകരണ ബാങ്കുകൾ മൂന്ന് വർഷത്തെ വിരമിക്കൽ, എൻ.ജെ.‌ഡി എന്നിവ കണക്കാക്കുമ്പോൾ പുതുതായി 1500 ഓളം ഒഴിവുകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. മൂന്നു വർഷത്തിനിടെ ഉണ്ടാകാൻ സാദ്ധ്യതയുള്ള ഒഴിവുകൾ കൂടി കണക്കാക്കിയാണ് പി​.എസ്.സി​ സാദ്ധ്യതാ ലിസ്റ്റ് തയ്യാറാക്കുന്നത്. അങ്ങനെ വരുമ്പോൾ ക്ലർക്ക്, കാഷ്യർ തസ്തികയിലേക്ക് 2000 പേരുടെയെങ്കിലും സാദ്ധ്യത പട്ടിക തയ്യാറാക്കണം. എന്നാൽ ഉദ്യോഗാർത്ഥികൾ നൽകിയ വിവരാവകാശ അപേക്ഷയിൽ 900 പേരെ സാദ്ധ്യതാ പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് പി.എസ്.സി നൽകിയ മറുപടി. പി.എസ്.സി അടുത്തിടെ ഏകദേശം 1000 പേർക്കാണ് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാനുള്ള സന്ദേശം അയച്ചത്. നിലവിലുള്ള ഒഴിവുകൾ കേരള ബാങ്ക് റിപ്പോർട്ട് ചെയ്യാത്തതിനിലാണ് പി.എസ്.സി സാദ്ധ്യത പട്ടിക ചുരുക്കുന്നതെന്നാണ് സൂചന.

 ഇനി​യുമുണ്ട് ഒഴി​വുകൾ

പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തതിന് പുറമേ 450 ഒഴിവുകൾ കൂടി കേരള ബാങ്കിൽ ക്ലർക്ക്, കാഷ്യർ തസ്തികയിൽ ഉണ്ടെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം ഈ ഒഴിവുകൾ റിപ്പോർട്ട് ചെയ്താൽ നിയമനം നടത്താനുള്ള ആളുകൾ പട്ടികയിൽ ഉണ്ടാകില്ല. വീണ്ടും പരീക്ഷ നടത്തിയാൽ പ്രായപരിധി പിന്നിട്ടവർക്ക് അപേക്ഷിക്കാനും കഴിയില്ല.

 മറ്റ് ലിസ്റ്റുകളിലും

സഹകരണ വകുപ്പ് ജൂനിയർ കോ- ഓപ്പറേറ്റീവ് ഇൻസ്പെക്ടർ, കേരഫെഡ് ജൂനിയർ അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള സാദ്ധ്യതാപട്ടിക വൈകാതെ പി.എസ്.സി പ്രസിദ്ധീകരിക്കും. ഇതടക്കം സമാന യോഗ്യതയുള്ള മറ്റ് പല തസ്തികകളുടെയും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും ഉൾപ്പെടാൻ സാദ്ധ്യതയുള്ളവരും കേരള ബാങ്ക് ക്ലർക്ക്, കാഷ്യർ തസ്തികയുടെ സാദ്ധ്യതാ പട്ടികയിൽ കയറും. അവർ മറ്റ് തസ്തികകൾ തിരഞ്ഞെടുത്താൽ ക്ലർക്ക്, കാഷ്യർ തസ്തികയിൽ എൻ.ജെ.ഡിക്കും കൊഴിഞ്ഞുപോക്കിനും സാദ്ധ്യത കൂടുതലാണ്.