അത് ജാതി അധിക്ഷേപമല്ല: ഹൈക്കോടതി

Sunday 19 January 2025 1:31 AM IST

കൊച്ചി: 'പുലയാടി മോനേ" എന്നു വിളിക്കുന്നത് മോശപ്പെട്ട പ്രയോഗമാണെങ്കിലും ജാതി അധിക്ഷേപമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. ഈ വാക്ക് പട്ടികജാതി/വ‌ർഗ പീഡന നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ല. പെരുമ്പാവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതി കുന്നത്തുനാട് സ്വദേശി കെ.എസ്. ശരത്തിന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് ജസ്റ്റിസ് സി.എസ്. സുധയുടെ നിരീക്ഷണം.

കഴിഞ്ഞ നംവംബർ 24ന് ബൈക്കിന് കേടുപാടു വരുത്തിയെന്നാരോപിച്ച് സമീപവാസികൾ തമ്മിൽ തർക്കവും കൈയാങ്കളിയുമുണ്ടായി. ഇതിനിടെ പുലയ സമുദായത്തിൽപ്പെട്ട എതിർകക്ഷിയെ 'പുലയാടി മോനേ" എന്ന് വിളിച്ചെന്നും ഇത് ജാതി അധിക്ഷേപമാണെന്നുമായിരുന്നു പരാതി. ശരത്തടക്കം മൂന്നു പേരാണ് പ്രതികൾ. കേസിൽ അറസ്റ്റ് തടയണമെന്നും മൂൻകൂർ ജാമ്യം നൽകണമെന്നുമാവശ്യപ്പെട്ട് ഹർജിക്കാരൻ എസ്.സി/എസ്.ടി പ്രത്യേക കോടതിയെ സമീപിച്ചെങ്കിലും തള്ളി. തുടർന്നായിരുന്നു അപ്പീൽ.

പുലയാടി മോൻ എന്നാൽ അഭിസാരികയുടെ മകൻ എന്നാണ് നിഘണ്ടുവിലെ അർത്ഥമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കൈയേറ്റം സംബന്ധിച്ച് ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിലനിൽക്കുമെങ്കിലും പ്രതിയുടെ പരാമ‌ർശം പട്ടികജാതി/വ‌ർഗ പീഡനക്കുറ്റമായി കണക്കാക്കാനാവില്ലെന്ന് വിലയിരുത്തിയാണ് അപ്പീൽ അനുവദിച്ചത്.