പുരുഷ കമ്മിഷൻ വേണമെന്ന് രാഹുൽ ഈശ്വർ
തിരുവനന്തപുരം; ആണുങ്ങളെ കേസുകളിൽ കുടുക്കാൻ എളുപ്പമാണെന്നും അതിനാൽ നിയമപരായി അശക്തരും അനാഥരുമായ പുരുഷന്മാർക്കായി പുരുഷ കമ്മിഷൻ രൂപീകരിക്കണമെന്നും രാഹുൽ ഈശ്വർ. ഇതിനായി ഗാന്ധിജയന്തി ദിനം മുതൽ ക്യാമ്പെയിൻ ആരംഭിക്കും. പുരുഷകമ്മിഷന് വേണ്ടി നിവേദനം തയ്യാറാക്കി എൽദോസ് കുന്നപ്പള്ളിയോടും ചാണ്ടി ഉമ്മനോടും പ്രാഥമിക ആശയവിനിമയം നടത്തി. സുപ്രീംകോടതിയിൽ നൽകിയ മാതൃകയിൽ ജനുവരി 21ന് നിവേദനം നൽകും. നിയമസഭയിൽ സ്വകാര്യ ബില്ല് കൊണ്ടുവരുമെന്ന ഉറപ്പ് എൽദോസ് നൽകിയിട്ടുണ്ടെന്നും തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ രാഹുൽ ഈശ്വർ പറഞ്ഞു. ഹണി റോസിന് അവരുടെ പരാതിയുടെ സത്യമില്ലായ്മ ബോദ്ധ്യപ്പെട്ടെന്ന് വിശ്വസിക്കുന്നു. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണം. ഹണി റോസ്, മദർ തെരേസയോ ഗാന്ധിജിയോ അല്ല, അവർ വിമർശനത്തിന് അതീതയല്ല. ഒരു അഭിപ്രായം പറഞ്ഞതിന് വനിതാ കമ്മിഷനും യുവജന കമ്മിഷനും തന്നെ വേട്ടയാടുകയാണ്. സ്ത്രീപക്ഷം എന്നത് പുരുഷ വേട്ടയാകരുത്. പരാതി നൽകുന്നവരെല്ലാം അതിജീവിതമാരല്ല. ഹണി റോസിനോട് പെറ്റമ്മ നയവും തന്നോട് ചിറ്റമ്മ നയവുമാണ് മാദ്ധ്യമങ്ങൾക്കെന്നും രാഹുൽ ഈശ്വർ പറഞ്ഞു. സി.പി.എം നേതാവ് ടി.വി. രാജേഷ് മുൻപ് നിയമസഭാ മന്ദിരത്തിന് മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞത് ഓരോ പുരുഷന്റെയും കരച്ചിലാണ്. നിവിൻപോളിയോ എൽദോസോ സിദ്ദിഖോ പുറത്ത് കരയുന്നുണ്ടാകില്ല. മനസ്സിൽ കരയുകയാണ്.