ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയത് രോഹിത് ശർമ്മയോ? സെലക്ഷൻ കമ്മിറ്റി ചർച്ചയിലെ വിവരങ്ങൾ പുറത്ത്

Sunday 19 January 2025 11:02 AM IST

മുംബയ്: ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനാകും. യശസ്വി ജയ്സ്വാൾ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവർ ടീമിൽ ഇടം നേടി. എന്നാൽ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിക്കാത്തത് മലയാളികളെ മാത്രമല്ല ക്രിക്കറ്റ് ആരാധകരെ തന്നെ ഏറെ സങ്കടത്തിലാക്കി.

ഇപ്പോഴിതാ ടീം പ്രഖ്യാപനത്തിന് തൊട്ടുമുൻപ് നടന്ന ചർച്ചയിലെ വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ചാമ്പ്യൻസ് ട്രോഫിക്ക് വിക്കറ്റ് കീപ്പർ ബാറ്ററായി കോച്ച് ഗൗതം ഗംഭീർ സഞ്ജു സാംസണിന്റെ പേരാണ് നിർദേശിച്ചതെന്നാണ് വിവരം. എന്നാൽ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറിനും ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും ഋഷഭ് പന്തിനെ തിരഞ്ഞെടുക്കണമെന്നായിരുന്നു. തുടർന്നാണ് വിക്കറ്റ് കീപ്പിറിന്റെ സ്ഥാനത്തേക്ക് പന്തിന് തന്നെ നറുക്ക് വീണത്. കൂടാതെ ഹാർദിക് പാണ്ഡ്യയെ വെെസ് ക്യാപ്റ്റനാക്കണമെന്ന് ഗംഭീർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രോഹിത്തും അഗാർക്കറും ശുഭ്മാൻ ഗില്ലിനായി വാദിച്ചു. പിന്നാലെ ഗില്ലിനെ തന്നെ വെെസ് ക്യാപ്റ്റനാകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ ടീം സെലക്ഷനിൽ ചില അഭിപ്രായഭിന്നതകൾ ഉണ്ടെന്നാണ് വിവരം.

അതേസമയം, ടീമിൽ കൊഹ്‌ലി, ശ്രേയസ് അയ്യർ എന്നിവരെല്ലാം സ്ഥാനമുറപ്പിച്ചപ്പോൾ വിജയ് ഹസാരെ ട്രോഫിയിൽ മിന്നും പ്രകടനം കാഴ്ചവച്ച കരുൺ നായർക്ക് അവസരം കിട്ടിയില്ല. മറ്റ് രണ്ട് ഫോർമാറ്റിലേയും മികവ് പരിഗണിച്ച് ഓപ്പണർ യശ്വസി ജയ്‌സ്വാളിന് ആദ്യമായി ഏകദിന ടീമിലേക്ക് വിളിയെത്തി. ഷമി തിരിച്ചെത്തിയപ്പോൾ മുഹമ്മദ് സിറാജിന് സ്ഥാനം നഷ്ടമായി.