തലസ്ഥാനത്ത് നഗരമദ്ധ്യത്തിലെ ഹോട്ടലിൽ സഹോദരങ്ങൾ മരിച്ച നിലയിൽ

Sunday 19 January 2025 11:04 AM IST

തിരുവനന്തപുരം: നഗരമദ്ധ്യത്തിൽ തമ്പാനൂരിലെ ഹോട്ടലിൽ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര പൂനെ സ്വദേശികളായ ദക്തായി കോന്തിബ ബമന്‍ (48), മുക്ത കോന്തിബ ബമന്‍ (45)എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നുരാവിലെ കണ്ടെത്തിയത്. ദക്തായി കോന്തിബ ബമനെ തൂങ്ങിമരിച്ച നിലയിലും മുക്ത കോന്തിബ ബമനെ കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്.ഭിന്നശേഷിക്കാരിയായ മുക്ത കോന്തിബ ബമയുടെ ചികിത്സയ്ക്കുവേണ്ടിയാണ് ഇവർ എത്തിയത്. ഇന്നലെ വൈകുന്നേരവും ഇവർ പുറത്തുപോയിരുന്നു. മടങ്ങിയെത്തിയപ്പോൾ ഇന്നുരാവിലത്തെ ചായയടക്കമുള്ള ഭക്ഷണത്തിന് റിസപ്ഷനിൽ ഓർഡർ ചെയ്തിരുന്നു. ഇന്നുരാവിലെ ചായയുമായി എത്തിയ ഹോട്ടൽ ജീവനക്കാരൻ മുറിയിൽ തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്നുള്ള പരിശോധനയിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ തമ്പാനൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞയാഴ്ച തമ്പാനൂരിലെ തന്നെ ലാേഡ്ജിൽ യുവതിയെ കൊന്ന് യുവാവ് ജീവനൊടുക്കിയിരുന്നു. പേയാട് സ്വദേശികളായ കുമാർ, ആശ എന്നിവരാണ് മരിച്ചത്. കുമാർ ഒരു സ്വകാര്യ ചാനലിലെ ക്യാമറാ മാനായിരുന്നു. ഇരുവരെയും മുറിക്ക് പുറത്തുകാണാതായതോടെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആശയുടെ കഴുത്തിന് മാരകമായി മുറിവേറ്റിരുന്നു. കൈ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു കുമാർ. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്.