അതിർത്തി കടന്നെത്തുന്നത് ക്യാൻസറിന് വരെ സാദ്ധ്യതയുള്ള സാധനം; വാങ്ങി അടുക്കളയിൽ കൊണ്ടുപോകും മുമ്പ് അറിയണം

Sunday 19 January 2025 12:53 PM IST

കൊല്ലം: ഉത്പാദനക്കുറവിനൊപ്പം തമിഴ്നാട്ടിൽ നിന്നുള്ള വരവും കുറഞ്ഞതോടെ തേങ്ങ വില കുതിച്ചുയരുന്നു. പൊതിക്കാത്ത തേങ്ങ ഒന്നിന് മൊത്തവിപണിയിൽ വില 32 മുതൽ 35 വരെയായി​. പൊതിച്ച തേങ്ങ കിലോയ്ക്ക് 68 ആണ് മൊത്തവി​പണി​യി​ൽ വി​ല.

ക്രൊപ കിലോയ്ക്ക് 150 മുതലും കൊട്ടത്തേങ്ങ കിലോയ്ക്ക് 100 രൂപയുമാണ് വില. നാടൻ തേങ്ങ ഉത്പാദനവും വലിയതോതിൽ കുറഞ്ഞു. കാലാവസ്ഥ വ്യതിയാനവും കർഷകർക്ക് തെങ്ങ് കൃഷിയോടുള്ള വിമുഖതയുമാണ് ഉത്പാദനം കുറയാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ പ​ഴ​യ​തു​പോ​ലെ തേ​ങ്ങ ലഭി​ക്കുന്നി​ല്ലെന്നാണ് ക​ർ​ഷ​കരുട‌െ പക്ഷം. ​

പൊള്ളാച്ചി, നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലെ മാർക്കറ്റുകളിൽ പ്രധാനമായും തേങ്ങ എത്തുന്നത്. നാ​ട​ൻ ​തേ​ങ്ങ കിട്ടാക്കനി ആയതിനാൽ പൊ​ള്ളാ​ച്ചി​യാണ് ആശ്രയം. നാ​ഗ​ർ​കോ​വി​ലി​ൽ​ നി​ന്നു​ള്ള വ​ര​വും കു​റ​ഞ്ഞു. കുറച്ച് നാൾ മുൻപ് വരെ​ ത​മി​ഴ്​​നാ​ട്ടി​ൽ ​നി​ന്ന്​ കേ​ര​ള​ത്തി​ലെ ഒരു തേങ്ങ വ്യാപാരിക്ക് ​15 ലോ​ഡ് വരെ​ മാസം ല​ഭി​ച്ചി​രുന്നു.

പക്ഷേ ഇപ്പോൾ ഇത് പ​കു​തി​യാ​യി കു​റ​ഞ്ഞു. കോഴിക്കോട്, പാലക്കാട്,മലപ്പുറം എന്നിവിടങ്ങളിൽ നിന്നും ജി​ല്ലയി​ലേക്ക് തേങ്ങ എത്താറുണ്ട്. കരുനാഗപ്പള്ളി, കായംകുളം ഭാഗങ്ങളിൽ നിന്നാണ് പൊതിക്കാത്ത തേങ്ങ കൂടുതലായും എത്തുന്നത്.

അടുക്കള അലങ്കോലം

തേങ്ങയില്ലാത്ത അടുക്കളയെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. തേങ്ങയ്‌ക്കൊപ്പം വെളിച്ചെണ്ണ വിലയും വർദ്ധിച്ചത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിച്ചിട്ടുണ്ട്. പായ്ക്കറ്റ് വെ​ളി​ച്ചെ​ണ്ണ വി​ല ലി​റ്ററി​ന് 250- 280 രൂ​പ വ​രെ (എം.ആർ.പി​) എ​ത്തി​യി​ട്ടു​ണ്ട്. വി​വി​ധ കമ്പനി​കൾ പല വി​ലയാണ് ഈടാക്കുന്നത്. ആ​ട്ടി​യ വെ​ളി​ച്ചെ​ണ്ണ വി​ല കി​ലോയ്ക്ക് 300 രൂ​പയ്​ക്ക്​ മു​ക​ളിലായി​. ഇതോടെ കടകളിലും വീട്ടിലെ ആവശ്യങ്ങൾക്കും വെളിച്ചെണ്ണയുടെയും തേങ്ങയുടെയും ഉപയോഗം പരിമിതപ്പെടുത്തേണ്ട അവസ്ഥയായി​.

ചക്കി​ലാട്ടി​യ വ്യാജൻ!

ചക്കിലാട്ടിയത് എന്ന പേരിൽ തമിഴ്നാട്ടിൽ നിന്ന് വ്യാജ വെളിച്ചെണ്ണയും ജില്ലയിലേക്ക് എത്തുന്നുണ്ട്. രാസവസ്തുക്കൾ കലർന്ന ഈ വെളിച്ചെണ്ണ ക്യാൻസറിനു വരെ കാരണമാകുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.

വില (ഹോൾസെയിൽ, റീട്ടെയിൽ)

പൊതിച്ച തേങ്ങ (1 കിലോ): 68, 75

പൊതിക്കാത്ത തേങ്ങ (ഒന്നിന്): 32-35, 37-40

കൊപ്ര (1 കിലോ): 150, 160

തമിഴ്നാട്ടിൽ നിന്നുൾപ്പെടെയുള്ള തേങ്ങയുടെ വരവ് കുറഞ്ഞതാണ് വില കൂടാൻ കാരണം. ശബരിമലസീസൺ കഴിയുന്നതോടെയും പുതിയ തേങ്ങ വരുന്നതോടെയും ഫ്രെബ്രുവരി, മാർച്ച് മാസത്തോടെ വില അല്പം താഴാന്നാണ് സാദ്ധ്യത

സു​ധാ​ക​ര​ൻ, തേ​ങ്ങ മൊ​ത്ത​വ്യാ​പാ​രി