അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

Sunday 19 January 2025 4:56 PM IST

പത്തനംതിട്ട: ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പത്തനംതിട്ട ഓമല്ലൂർ അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികളാണ് മരിച്ചത്. ഓമല്ലൂരിൽ ആര്യഭാരതി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ശ്രീശരൺ, ഏബൽ എന്നിവരാണ് മരിച്ചത്. ഇലവുംതിട്ട സ്വദേശിയാണ് ശ്രീശരൺ. ചീക്കനാൽ സ്വദേശിയാണ് ഏബൽ. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്.

ഇരുവരും പുഴയ്ക്ക് സമീപമുള്ള ടർഫിൽ കളിക്കാൻ എത്തിയതായിരുന്നു. കളി കഴിഞ്ഞ് പുഴയിൽ കുളിക്കാനിറങ്ങിയതാണെന്നാണ് വിവരം. പുഴയിലിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെട്ടു. കൂടെ ഉണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയുടെ നിലവിളി കേട്ട് സമീപവാസികൾ സ്ഥലത്തെത്തിയെങ്കിലും വിദ്യാർത്ഥികളെ കണ്ടെത്താനായില്ല. പിന്നാലെ നാട്ടുകാർ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. ഫയർഫോഴ്സ് എത്തി നടത്തിയ തെരച്ചിലിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.