സ്വർണമെഡൽ ജേതാവ്, ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ 25കാരി; നീരജ് ചോപ്രയുടെ ജീവിതപങ്കാളി ചില്ലറക്കാരിയല്ല

Monday 20 January 2025 10:18 AM IST

ന്യൂഡൽഹി: ജാവലിൻ ത്രോയിൽ സ്വർണമുൾപ്പടെ രണ്ട് ഒളിമ്പിക്സ് മെഡലുകൾ സ്വന്തമാക്കിയ ഇന്ത്യൻ താരം നീരജ് ചോപ്ര വിവാഹിതനായെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് പുതിയ വിശേഷം പങ്കുവച്ചത്. വിവാഹച്ചിത്രങ്ങളും പുറത്തുവന്നിരുന്നു. കായിക താരങ്ങളും രാഷ്ട്രീയക്കാരും ഉൾപ്പടെ നിരവധിയാളുകളാണ് നീരജ് ചോപ്രയ്ക്കും പങ്കാളിക്കും ആശംസകൾ നേർന്നത്. തികച്ചും സ്വകാര്യമായാണ് വിവാഹച്ചടങ്ങുകൾ നടത്തിയത്. ഇതിനുപിന്നാലെ നീരജ് ചോപ്രയുടെ പങ്കാളി ആരാണെന്ന് തിരയാൻ തുടങ്ങിയിരിക്കുകയാണ് ആരാധകർ.

ഹരിയാനയിലെ സോണിപത്തിലെ ലർസുവാലി സ്വദേശിയായ ഹിമാനി മോറാണ് (25)നീരജ് ചോപ്രയുടെ ഭാര്യ. നിലവിൽ ന്യൂ ഹാംഷെയറിലെ ഫ്രാങ്ക്ലിൻ പിയേഴ്സ് യൂണിവേഴ്സിറ്റിയിൽ സ്‌പോർട്സ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് ഹിമാനി. ഒപ്പം മസാച്യുസെ​റ്റ്സിലെ ആംഹെർസ്​റ്റ് കോളേജിലെ പാർട്ട്ടൈം ടെന്നീസ് കോച്ച് കൂടിയാണ്.

സോണിപത്തിലെ ലി​റ്റിൽ എയ്ഞ്ചൽസ് സ്‌കൂളിലായിരുന്നു ഹിമാനി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് ഡൽഹിയിലെ മിറാൻഡ ഹൗസിൽ നിന്നും പൊളിറ്റിക്കൽ സയൻസിലും ഫിസിക്കൽ എജ്യൂക്കേഷനിലും ബിരുദവും സ്വന്തമാക്കി. ടെന്നീസ് കളിക്കാരനായ ഹിമാൻഷു ആണ് ഹിമാനിയുടെ ഏകസഹോദരൻ. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ടെന്നീസിൽ ദേശീയ തലത്തിൽ മത്സരിച്ചതിനുശേഷം 2017ൽ തായ്‌പേയിൽ നടന്ന വേൾഡ് യൂണിവേഴ്സി​റ്റി ഗെയിംസിലും ഹിമാനി പങ്കെടുത്തു. 2016ൽ മലേഷ്യൽ നടന്ന ലോക ജൂനിയർ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലും സ്വന്തമാക്കി. ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷൻ(എഐടിഎ) വെബ്‌സൈ​റ്റിലെ വിവരങ്ങൾ അനുസരിച്ച്, സിംഗിൾസിൽ 42ഉം ഡബിൾസിൽ 27ഉം റാങ്കാണ് ഹിമാനിയുടെ 2018വരെ ഉളളതിലെ മികച്ച റാങ്കിംഗ്.