25 കുട്ടികളുമായി വന്ന സ്‌കൂൾ ബസ് കത്തിനശിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Monday 20 January 2025 11:13 AM IST
ഇടുക്കി: മൂവാറ്റുപുഴ കല്ലൂർക്കാട് സ്കൂൾ ബസ് പൂർണമായും കത്തിനശിച്ചു. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. വാഴക്കുളം സെന്റ് തെരേസാസ് ഹെെസ്കൂളിലെ ബസാണ് കത്തിനശിച്ചത്. സ്കൂൾ കുട്ടികളെ കയറ്റിവരുന്നതിനിടെ കല്ലൂർക്കാട് നീറാംമ്പുഴ കവലയ്ക്ക് സമീപമായിരുന്നു സംഭവം.
കല്ലൂർക്കാട് എത്തിയപ്പോഴാണ് ബസിന് മുന്നിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഈ സമയം 25 കുട്ടികൾ ബസിൽ ഉണ്ടായിരുന്നു. ഉടൻ തന്നെ ഡ്രെെവർ വണ്ടി നിർത്തി കുട്ടികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. കുട്ടികൾ ഇറങ്ങിയതിന് പിന്നാലെ ബസ് പൂർണമായും കത്തിനശിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായതെന്ന് നാട്ടുകാർ പറയുന്നു.