'എന്റെ പൊന്നുമോന് നീതി ലഭിച്ചു, നീതിമാനായ ജഡ്‌ജിക്ക് നന്ദി', പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ അമ്മ; പ്രതികരണമില്ലാതെ ഗ്രീഷ്‌മ

Monday 20 January 2025 12:51 PM IST

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ വിധി വന്നതിന് പിന്നാലെ മൗനിയായി പ്രതി ഗ്രീഷ്‌മ. നെയ്യാറ്റിൽകര സെഷൻസ് കോടതി വധിശിക്ഷ വിധിച്ചത് കേട്ടയുടൻ ഗ്രീഷ്‌മയുടെ കണ്ണുകൾ നനഞ്ഞെങ്കിലും പിന്നീട് നിർവികാരയാവുകയായിരുന്നു. എന്നാൽ, മകന്റെ മരണത്തിൽ നീതി ലഭിച്ചെന്നറിഞ്ഞതോടെ ഷാരോണിന്റെ അമ്മയും കുടുംബവും കോടതിയിൽ പൊട്ടിക്കരഞ്ഞു.

' പൊന്നുമോന് നീതി ലഭിച്ചു. നീതിമാനായ ജഡ്‌ജിക്ക് ഒരായിരം നന്ദി. നിഷ്‌കളങ്കനായ എന്റെ പൊന്നുമോന്റെ നിലവിളിയാണ് ജഡ്‌ജിയിലൂടെ ദൈവം കേട്ടത്', കരഞ്ഞുകൊണ്ട് ഷാരോണിന്റെ അമ്മ പറഞ്ഞു.

ഷാരോൺ അനുഭവിച്ചത് വലിയ വേദനയാണെന്നും ആന്തരിക അവയവങ്ങൾ ഒക്കെ അഴുകിയ നിലയിലായിരുന്നുവെന്നും നിരീക്ഷിച്ച കോടതി സമർത്ഥമായ കൊലപാതകമാണ് നടന്നതെന്നും വിധി പ്രസ്താവത്തിൽ ചൂണ്ടികാട്ടിയിരുന്നു. ഇത്തരം കേസിൽ പരമാവധി ശിക്ഷ നൽകരുത് എന്ന് നിയമം ഒന്നുമില്ലെന്നും നിരീക്ഷിച്ചാണ് 48 സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ഗ്രീഷ്‌മയ്‌ക്ക് തൂക്കുകയർ വിധിച്ചത്.

ഷാരോൺ പ്രണയത്തിന് അടിമയായിരുന്നുവെന്നും മരണക്കിടക്കയിലും ഷാരോൺ ​ഗ്രീഷ്മയെ പ്രണയിച്ചിരുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതിയുണ്ടായിരുന്നോ എന്നത് വിഷയമല്ല. സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ ശ്രമിച്ചുവെന്നും കോടതി നിരീക്ഷിച്ചു.

ഗ്രീഷ്മ ഷാരോണിനെ വിളിച്ചു വരുത്തിയത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് പറഞ്ഞാണ്. പ്രകോപനമൊന്നുമില്ലാതെയാണ് കൊല നടത്തിയത്. ഷാരോൺ അടിച്ചു എന്ന ഗ്രീഷ്മയുടെ വാദം തെറ്റാണെന്നും കുറ്റകൃത്യം ചെയ്തിട്ടും അവസാന നിമിഷം വരെ പിടിച്ചുനിൽക്കാനുള്ള ഗ്രീഷ്മയുടെ കൗശലം വിജയിച്ചില്ലെന്നും കോടതി വിധി പ്രസ്താവത്തിൽ ചൂണ്ടികാട്ടി.