രാജഭരണകാലത്ത് തിരുവനന്തപുരത്തിന്റെ അഭിമാനം, ഇന്ന് വലിയ അപകടത്തിൽ

Monday 20 January 2025 1:39 PM IST

തിരുവനന്തപുരം: ഒരു കാലത്ത് തിരുവിതാംകൂറിന്റെ പേരും പെരുമയുമായിരുന്ന കരമന കൽപ്പാലം ഇന്ന് അപകടാവസ്ഥയിൽ. പാലത്തിന് ചുറ്റും ആൽമരം വളർന്നതോടെ പാലം തകർച്ചയുടെ വക്കിലാണ്. 1853ൽ കരമന നദിക്ക് കുറുകെ നിർമ്മിച്ച കൽപ്പാലത്തിന് ആവശ്യത്തിന് സംരക്ഷണവും ലഭിച്ചിട്ടില്ല.

പാലത്തിന്റെ കൈവരികളോട് ചേർന്ന് വർഷങ്ങൾക്ക് മുമ്പ് മുളപൊട്ടിയ ചെടികളാണ് ഇപ്പോൾ പാലത്തിന് ഭീഷണിയാകുന്നത്. വേരുകൾ ആഴ്ന്നിറങ്ങി പാലം വിണ്ടുകീറിത്തുടങ്ങി. ഇനിയും ആവശ്യത്തിന് സംരക്ഷണം നൽകിയില്ലെങ്കിൽ പാലത്തിന്റെ നിലനിൽപ്പുതന്നെ അവതാളത്തിലാകും. പഴയ തലസ്ഥാനമായ പദ്മനാഭപുരത്തെ ഭരണപരവും വ്യാവസായികപരവുമായ സൗകര്യങ്ങൾക്കായാണ് മാർത്താണ്ഡവർമ്മ മഹാരാജാവ് പാലം പണിതത്.

കൽപ്പാലം നിർമ്മിച്ചത്......... 1853ൽ

പാലത്തിന്റെ സ്ലാബുകൾക്ക് കേടുപാടുകൾ സംഭവിച്ച് ബലക്ഷയം ബോദ്ധ്യപ്പെട്ടതോടെ പുതിയ കോൺക്രീറ്റ് പാലം നിർമ്മിച്ച് വൺവേ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ പഴയപാലത്തിൽ ഇപ്പോഴും ഒരുവശത്തേക്ക് ഗതാഗതം നടക്കുന്നുണ്ട്. ദിവസവും ചെറുതുംവലുതുമായ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന് കാര്യമായ സംരക്ഷണമൊരുക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പരാതി.

പുതിയപാലത്തിനും ഭീഷണി


പാലത്തിൽ വളർന്നു കയറുന്ന ചെറുമരങ്ങൾ നഗരസഭ അടിയന്തരമായി മുറിച്ചു മാറ്റി പാലം സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേസമയം, പുതിയ പാലത്തിനോട് ചേർന്ന് ശിലാഫലകം സ്ഥാപിച്ചിട്ടുള്ള ഭാഗത്തും മരങ്ങൾ വളർന്നു തുടങ്ങി. ഇത് മുറിച്ചുമാറ്റിയില്ലെങ്കിൽ പുതിയ പാലത്തിനും കാലക്രമേണ മരങ്ങൾ ഭീഷണിയാകും.