ഗ്രീഷ്‌മയ്‌ക്ക് ലഭിച്ചത് അധിക ശിക്ഷ, മേൽക്കോടതി വധശിക്ഷ നൽകില്ല; റിട്ടയേർഡ് ജസ്റ്റിസ് കമാൽ പാഷ
കൊച്ചി: ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് ലഭിച്ച ശിക്ഷ മേൽ കോടതിയിൽ നിലനിൽക്കാൻ സാദ്ധ്യത കുറവാണെന്ന് ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റിസ് കമാൽ പാഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടേത് അധികശിക്ഷ എന്നാണ് തന്‍റെ അഭിപ്രായം. സുപ്രീം കോടതി വിധികൾ പരിശോധിച്ചാൽ ഇത് വ്യക്തമാണ്. ഗ്രീഷ്മയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സമ്മർദ്ദo ഷാരോൺ ഒരുക്കിയത് കോടതി പരിഗണിക്കണമായിരുന്നു എന്നും കമാൽ പാഷ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
കമാൽ പാഷ പറഞ്ഞത്:
അധിക ശിക്ഷയായാണ് ഇതിനെ കാണുന്നത്. ഒരു സംശയത്തിന്റെയും ആനുകൂല്യമില്ലാത്ത, ജീവപര്യന്തം തീരെ കുറഞ്ഞുപോകുന്ന അപൂർവം കേസുകളിലാണ് വധശിക്ഷ വിധിക്കുക. ഈ കേസിന്റെ വസ്‌തുതകൾ പരിശോധിച്ചാൽ വധശിക്ഷ അധിക ശിക്ഷയാണ്. 24 വയസ് മാത്രമാണ് പ്രതിക്ക് പ്രായം. പക്വതയില്ലാത്ത മനസാണ് പെൺകുട്ടിയുടേത്. പ്രണയത്തിൽ നിന്ന് രക്ഷപ്പെടാൻ മാർഗമില്ലാതെയായി. ഈ കുട്ടി കസ്റ്റഡിയിലിരിക്കെ ലൈസോൾ കുടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു. ആ സമയം മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിരുന്നു.
ഇവന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ മാർഗമില്ലാതായപ്പോൾ തനിക്ക് ആത്മഹത്യ ചെയ്യാനായി കലക്കിവച്ചതാണ് കഷായം എന്നാണ് പറഞ്ഞത്. ഇനി എന്നെ ഉപദ്രവിച്ചാൽ ഇത് കുടിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു. അപ്പോൾ അത് വെറും കഷായമാണെന്ന് പറഞ്ഞ് അവനെടുത്ത് കുടിക്കുകയായിരുന്നു എന്നാണ് ഗ്രീഷ്‌മയുടെ മൊഴി. തനിക്ക് കിട്ടാത്തത് മറ്റാർക്കും കിട്ടണ്ട എന്ന് ഷാരോൺ പറഞ്ഞുവെന്നും മൊഴിയിലുണ്ട്. ഒരു നിവൃത്തിയുമില്ലാതെയാണ് ഇത് ചെയ്തത്. അത് ശരിയാണെന്ന് പറയുന്നില്ല. കുറ്റകൃത്യം തന്നെയാണ്. എന്നാൽ, അപൂര്‍വങ്ങളിൽ അപൂര്‍വമായ കേസ് അല്ല ഇത്.