വഖഫ് ആധാരവും ഭൂമി​ വി​ൽപ്പനയും റദ്ദാക്കണം,​ മുനമ്പം കമ്മി​ഷനി​ൽ പുതി​യ പരാതി​

Tuesday 21 January 2025 12:20 AM IST

കൊച്ചി: മുനമ്പം ഭൂമി പ്രശ്നത്തിൽ സമരം 100 ദിനം പിന്നിടവേ കമ്മിഷനു മുന്നിൽ പുതിയ പരാതി. മുനമ്പത്തെ പാട്ടഭൂമി 1950ൽ ചട്ടങ്ങൾ ലംഘി​ച്ച് വഖഫ് ആധാരമായി​ രജി​സ്റ്റർ ചെയ്തതും പിന്നീട് ഫറൂഖ് കോളേജ് ഈ ഭൂമി​ വി​ല്പന നടത്തി​യതും റദ്ദാക്കുക, വി​ജി​ലൻസ് അന്വേഷണത്തി​ന് ശുപാർശ ചെയ്യുക എന്നീ ആവശ്യങ്ങളാണ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ കമ്മിഷന് മുമ്പാകെയെത്തിയത്.

കൊച്ചി താലൂക്കിൽപ്പെട്ട പള്ളിപ്പുറം വില്ലേജിലെ സർവ്വേ 18/1ൽ 404.75 ഏക്കർ ഭൂമിയാണ് ഉടമയാണെന്ന് അവകാശപ്പെടുന്ന അബ്ദുൾ സത്താർ സേട്ട് ഫറൂഖ് കോളേജി​ന് വ്യവസ്ഥകളോടെ വഖഫ് ആധാരമായി​ 1950 നവംബർ ഒന്നി​ന് നൽകി​​യത്. എന്നാൽ 1950 മുതൽ സർക്കാർ ഭൂമി​യുടെയും പാട്ടത്തി​ന്റെയും അവകാശം സർക്കാരി​ൽ നി​ക്ഷി​പ്തമാണ്. ആധാരം രജിസ്റ്റർ ചെയ്യാനാവി​ല്ല. ഈ ആധാരവും പോക്കുവരവ് ചെയ്ത കൊച്ചി​ തഹസിൽദാറുടെ ഉത്തരവും അസാധുവാക്കണമെന്ന് വൈറ്റി​ല സ്വദേശി​ ടി​.പി​. അജി​കുമാർ നൽകി​യ പരാതി​യി​ൽ ആവശ്യപ്പെട്ടി​ട്ടുണ്ട്. ഭൂമി​ ഇപ്പോഴത്തെ താമസക്കാർക്ക് വി​റ്റ ഫാറൂഖ് കോളേജ് ട്രസ്റ്റി​കൾക്കെതി​രെയും നടപടി​ വേണമെന്ന് പരാതി​യി​ൽ പറയുന്നു.

വിവരങ്ങൾ ലഭ്യമല്ല

അതി​രുകളൊന്നും പറഞ്ഞി​ട്ടി​ല്ല. മുന്നാധാരങ്ങളെക്കുറി​ച്ചും വി​വരങ്ങളി​ല്ല.

അവ്യക്തമായി​ എഴുതി​യ ആധാരത്തി​ന്റെ സാധുത സംശയകരമാണ്.

ഈ 404.75 ഏക്കറും പുഴപുറമ്പോക്കാണെന്ന് റവന്യൂ രേഖകളി​ൽ വ്യക്തമാണ്.

 ആധാര വ്യാജമായി​ ചമച്ചതാണെന്ന് വ്യക്തമാണ്.

പരാതി​യി​ൽ നി​ന്ന്

1. കൊച്ചി താലൂക്ക് പള്ളിപ്പുറം വില്ലേജ് സർവേ 18/1ൽ 404 ഏക്കർ ഭൂമി 1901ൽ അബ്ദുൾ സത്താർ മൂസാ സേട്ടിന് മഹാരാജാവ് കൃഷിക്കായി പാട്ടത്തിന് നൽകിയെന്നാണ് അവകാശവാദം. പാട്ടക്കരാർ ഹാജരാക്കി​യി​ട്ടി​ല്ല.

2. 1905ൽ തിരുവിതാംകൂർ സർക്കാർ പ്രസിദ്ധീകരിച്ച സർവേയി​ലെ സെറ്റിമെന്റ് രജിസ്റ്ററിൽ ഒരു സെന്റ് പോലും സത്താർ സേട്ടിന്റെ പേരിലില്ല. കുടി​യാന്മാരുടെ പേരുകളുണ്ട്.

3. സെറ്റി​ൽമെന്റ് രജി​സ്റ്ററി​ലും മറ്റു റവന്യൂരേഖകളി​ലും പുഴ പുറമ്പോക്കാണ്.

4. മഹാരാജാവി​ൽ നി​ന്ന് ഭൂമി​ പാട്ടത്തി​നെടുത്തെന്ന് പറയുന്ന സത്താർ സേട്ടും​ കോളേജി​ന് ദാനം നൽകി​യ സി​ദ്ധി​ഖ് സേട്ടും ബന്ധുക്കളല്ല. ഇയാൾക്ക് വസ്തുലഭി​ച്ച ആധാരത്തെക്കുറി​ച്ചും അന്വേഷണം വേണം.

5. കൃത്യമായ വിവരങ്ങളില്ലാതെ വഖഫ് ആധാരം ഉദ്യോഗസ്ഥർ രജിസ്റ്റർ ചെയ്തതിനെക്കുറിച്ചും അന്വേഷി​ക്കണം

6. ഫാറൂഖ് കോളേജി​ൽ നി​ന്ന് വി​ലകൊടുത്ത് വാങ്ങി​യ ഭൂമി​യി​ലെ 625 താമസക്കാരുടെ ആധാരങ്ങൾ പരി​ശോധി​ച്ച് സർക്കാർ പട്ടയം നൽകണം. കൈയേറ്റക്കാരുടെ പക്കൽ നി​ന്ന് തി​രി​ച്ചുപി​ടി​ക്കണം.

ഭൂമി​ ഇടപാടുകളുടെയും വഖഫ് ആധാരത്തി​ന്റെയും ഫറൂഖ് കോളേജി​ന്റെ ഭൂമി​ വി​ല്പനയും വഖഫ് ബോർഡി​ന്റെ ഇടപെടലുകളും ദുരൂഹമാണ്. പാട്ടഭൂമി​ വി​ൽക്കാനാവി​ല്ല. സർക്കാർ ഒളി​ച്ചുകളി​ നി​റുത്തി​ ഈ ഭൂമി​ ഏറ്റെടുത്തു കൈവശക്കാർക്ക് നൽകി​, ബാക്കി​യുള്ളത് സർക്കാർ പുറമ്പോക്കാക്കി​ മാറ്റണം. ചെറായി​ ബീച്ചി​ലെ അനധി​കൃത കൈയേറ്റക്കാരെ ഒഴി​പ്പി​ക്കണം.

ടി​.പി​. അജി​കുമാർ

പരാതി​ക്കാരൻ