സിഫ്റ്റിന്റെ സാങ്കേതികവിദ്യ: ചെമ്മീൻതോട് സംസ്‌കരണ പ്ളാന്റ് വിജയം

Tuesday 21 January 2025 12:30 AM IST

കൊച്ചി: രാജ്യത്തെ ആദ്യത്തെ ചെമ്മീൻതോട് മാലിന്യസംസ്‌കരണ ജൈവശുദ്ധീകരണശാല മുംബെയിൽ പ്രവർത്തനം ആരംഭിച്ചു. കൊച്ചിയിലെ കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനത്തിന്റെ (സിഫ്‌റ്റ് ) സഹകരണത്തോടെ വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തനം.

ചെമ്മീൻതോട് സംസ്‌കരിച്ച് കൃഷി മുതൽ ഔഷധം വരെയുള്ള വ്യവസായങ്ങൾക്ക് ആവശ്യമായ കൈറ്റിൻ, കൈറ്റോസൻ, ചെമ്മീൻ പ്രോട്ടീൻ ഹൈഡ്രോലൈസേറ്റ് തുടങ്ങിയ മൂല്യവർദ്ധിത ഉത്പന്നങ്ങളാണ് നിർമ്മിക്കുന്നത്.

സിഫ്റ്റിന്റെ ഗുജറാത്തിലെ വെരാവൽ റിസർച്ച് സെന്ററിൽ 2020ൽ യുവസംരംഭകൻ അമേയ് നായിക് കൈറ്റിൻ, കൈറ്റോസൻ അധിഷ്ഠിത ഉത്പ്പന്നങ്ങളിൽ താത്പര്ര്യം പ്രകടിപ്പിച്ചു. സിഫ്‌റ്റിലെ ശാസ്ത്രജ്ഞരുടെ നിർദ്ദേശപ്രകാരം അമേയ് നായിക് കൈറ്റിൻ, കൈറ്റോസൻ അധിഷ്ഠിത ഉത്പന്നങ്ങൾ വികസിപ്പിച്ചു. സാങ്കേതികവിദ്യ കൈമാറ്റത്തിനായി കൊച്ചിയിലെ സിഫ്റ്റുമായി പങ്കാളിത്തം സ്ഥാപിച്ചു. ചെമ്മീൻ തോട് മാലിന്യത്തിൽ നിന്ന് കൈറ്റിൻ, കൈറ്റോസൻ, പ്രോട്ടീനുകൾ, എന്നിവ വേർതിരിച്ചെടുക്കുന്ന പ്രക്രിയ വികസിപ്പിച്ചു.

സിഫ്റ്റിലെ ഫിഷ് പ്രോസസിംഗ് വിഭാഗം മേധാവി ഡോ. ജെ. ബിന്ദു, ഡോ. കെ. ഇളവരശൻ എന്നിവരുടെ നേതൃത്വത്തിൽ ഡോ. രേണുക വി., ഡോ. ജയകുമാരി എ, ഡോ. തേജ്പാൽ സി.എസ് എന്നിവരും അമേയ് നായിക്കിനൊപ്പം പ്രവർത്തിച്ചു.

 പ്രതിദിനം രണ്ട് ടൺ സംസ്‌കരിക്കും

മുംബെയിലെ ചെമ്മീൻ ജൈവശുദ്ധീകരണ ശാലയായ ലോംഗ്ഷോർ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്ലാന്റിൽ പ്രതിദിനം രണ്ട് ടൺ ചെമ്മീൻതോട് സംസ്‌കരിച്ച് ചെമ്മീൻ പ്രോട്ടീൻ ഹൈഡ്രോലൈസേറ്റ്, കൈറ്റിൻ, കൈറ്റോസൻ എന്നിവ ഉത്പാദിപ്പിച്ചുതുടങ്ങി. 400 ടൺ സംസ്കരണശേഷിയുള്ള സ്ഥാപനത്തിൽ ഏഴുപേർ ജോലി ചെയ്യുന്നു.

''ഇന്ത്യയുടെ മത്സ്യസംസ്‌കരണ വ്യവസായത്തിന് പ്രായോഗികമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്ന സിഫ്‌റ്റിന്റെ സമർപ്പണമാണ് പദ്ധതി.""

ഡോ. ജോർജ് നൈനാൻ

ഡയറക്ടർ, സിഫ്‌റ്റ്