അഫിൻമോൻ ഇന്ത്യൻ ടീമിൽ

Tuesday 21 January 2025 12:39 AM IST

കോതമംഗലം: പല്ലാരിമംഗലത്തു നിന്നുള്ള അഫിൻമോൻ ബൈജു ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ ജേഴ്സി അണിയുന്നു. അണ്ടർ 20 സാഫ് കപ്പിനുള്ള ഫുട്ബാൾ ടീമിലാണ് ഇടം ലഭിച്ചിരിക്കുന്നത്. ഇന്നലെയാണ് ടീം പ്രഖ്യാപനമുണ്ടായത്. പരിശിലന ക്യാമ്പിന് ശേഷമാണ് ടീമിനെ പ്രഖ്യാപിച്ചത്. ഡിഫന്ററായ അഫിൻമോൻ വിവിധ ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചിച്ചിട്ടുണ്ട്. ഡൽഹിയിൽ നടന്ന സുബ്രതോ കപ്പ് ടൂർണമെന്റിൽ മികച്ച ഡിഫന്ററായി തിരഞ്ഞെടുക്കപ്പെട്ടുണ്ട്.

ആറ് വയസു മുതൽ പല്ലാരിമംഗലം മിലാൻ ഫുട്ബാൾ അക്കാഡമിയിൽ ബിന്നി ജോസിന് കീഴിൽ പരിശീലനം. ഒരു വർഷമായി മൂത്തൂറ്റ് ഫുട്ബാൾ ക്ലബ്ബിലെ താരമാണ്. പല്ലാരിമംഗലം നെല്ലിക്കൽ ബൈജു - ഷൈബി ദമ്പതിമാരുടെ മകനാണ്. മലപ്പുറം അത്താണിക്കൽ എം.ഐ.സി.സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണിപ്പോൾ.അജിത്, അലീന എന്നിവരാണ് സഹോദരങ്ങൾ.

തൃശ്ശൂരിൽ നിന്നുള്ള അൽസാബിത്, തിരുവനന്തപുരത്തു നിന്നുള്ള സുജിൻ എന്നിവരാണ് സെലക്ഷൻ ലഭിച്ച മറ്റ് രണ്ട് മലയാളികൾ. ടീം പരിശീലന മത്സരങ്ങൾക്കായി ഉടൻ ഇന്ത്യോനേഷ്യയിലേക്ക് പുറപ്പെടും.