അജ്ഞാതർ കുരുമുളക് ചെടികൾ വെട്ടിനശിപ്പിച്ചതായി പരാതി

Tuesday 21 January 2025 12:00 AM IST
വെട്ടിനശിപ്പിച്ചതിനെ തുടർന്ന് ഉണങ്ങിനശിച്ച കുരുമുളക് ചെടികളിലൊന്ന്

മാങ്കുളം: മാങ്കുളം പാമ്പുംകയത്ത് അജ്ഞാതർ കുരുമുളക് ചെടികൾ വെട്ടിനശിപ്പിച്ചതായി പരാതി. പാമ്പുംകയം പന്നിപ്പാറയിലാണ് അജ്ഞാതർ കർഷകരുടെ കൃഷിയിടങ്ങളിൽ നിന്നിരുന്ന കുരുമുളക് ചെടികൾ വെട്ടിനശിപ്പിച്ചത്. കളത്തിൽപറമ്പിൽ അഭിലാഷ്, കുന്നേൽ സെലിൻ ജോസഫ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് സാമൂഹ്യവിരുദ്ധർ അതിക്രമം നടത്തിയത്. കഴിഞ്ഞ കുറച്ച് നാളുകളായി പ്രദേശത്ത് ഈ ശല്യം നിലനിൽക്കുന്നുവെന്ന് കർഷകർ പറയുന്നു. ഏതാനും നാളുകൾക്ക് മുമ്പ് അഭിലാഷിന്റെ കൃഷിയിടത്തിലെ കായ്ഫലമുള്ള ഒരു കുരുമുളക് ചെടി വെട്ടിനശിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ അന്ന് അഭിലാഷ് ഇത് കാര്യമായി എടുത്തില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വീണ്ടും ഒന്നിലേറെ കുരുമുളക് ചെടികൾ സമാനരീതിയിൽ നശിപ്പിക്കപ്പെട്ടതോടെയാണ് കർഷകർ പ്രതിസന്ധിയിലായത്. കഴിഞ്ഞ ദിവസവും കുരുമുളക് ചെടികൾ വെട്ടിനശിപ്പിക്കപ്പെട്ടു. സംഭവത്തിൽ കർഷകർ പൊലീസിൽ പരാതി നൽകി. ആയുധം ഉപയോഗിച്ച് കുരുമുളക് ചെടികൾ വെട്ടിനശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അഭിലാഷ് പറഞ്ഞു. കൃഷിയിടത്തിൽ ആൾതാമസമില്ലാത്തും അതിക്രമം നടത്തുന്നയാൾക്ക് സഹായകരമാകുന്നു. കായ്ഫലമുള്ള കുരുമുളക് ചെടികളാണ് വെട്ടിനശിപ്പിക്കപ്പെട്ടിട്ടുള്ളത്. ചെടികൾ ഉണങ്ങി നശിച്ചതോടെ കർഷകർക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇനിയും സമാന രീതിയിൽ അതിക്രമം ഉണ്ടാകുമോയെന്ന ആശങ്ക കർഷകർക്കുണ്ട്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്നാണ് കർഷകരുടെ ആവശ്യം.