മദ്യക്കമ്പനിക്ക് അനുമതി നൽകിയത് പുനഃപരിശോധിക്കണം: പഞ്ചായത്ത്

Tuesday 21 January 2025 1:44 AM IST

കഞ്ചിക്കോട്: ഒയാസിസ് കമ്പനിക്ക് എലപ്പുള്ളിയിൽ മദ്യ നിർമ്മാണശാല തുടങ്ങാൻ അനുമതി നൽകിയ നടപടി പുനഃപരിശോധിക്കണമെന്ന് എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ സർക്കാർ തീരുമാനത്തിനെതിരെ പ്രമേയം വേണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടപ്പോൾ അനുകൂലമായോ പ്രതികൂലമായോ അഭിപ്രായം രേഖപ്പെടുത്താനില്ലെന്ന നിലപാടാണ് സി.പി.എം അംഗങ്ങൾ സ്വീകരിച്ചത്. ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രമേയം അവതരിപ്പിക്കുന്നതിന് പകരമായാണ് യോഗ തീരുമാനം സർക്കാരിനെ അറിയിക്കാൻ തീരുമാനിച്ചത്. ആകെയുള്ള 22 അംഗങ്ങളിൽ 18 പേർ പങ്കെടുത്തു. പ്രസിഡന്റ് രേവതി ബാബു അദ്ധ്യക്ഷത വഹിച്ചു. ഒരു കോൺഗ്രസ് അംഗവും മൂന്ന് സി.പി.എം അംഗങ്ങളും യോഗത്തിന് എത്തിയില്ല.

പഞ്ചായത്ത് യോഗത്തിൽ നിന്ന്

രേവതി ബാബു (പഞ്ചായത്ത് പ്രസിഡന്റ്): വെള്ളം ഊറ്റുന്ന മദ്യ കമ്പനി പ്രവർത്തനം തുടങ്ങുന്നത് കാർഷിക മേഖലയായ എലപ്പുള്ളി പഞ്ചായത്തിന് താങ്ങാനാവില്ല. കർഷകരും തൊഴിലാളികളും അധിവസിക്കുന്ന പഞ്ചായത്തിന്റെ സമ്പദ്ഘടനയെ ഇത് തകർക്കും.

സുനിൽ കുമാർ (വൈസ് പ്രസിഡന്റ്, കോൺഗ്രസ്)
ഈ വിഷയത്തിൽ രാഷ്ട്രീയം കാണേണ്ടതില്ല. പഞ്ചായത്തിലെ ജനങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. മദ്യ നിർമ്മാണശാലയ്ക്ക് നൽകിയ പ്രവർത്തനാനുമതി സർക്കാർ പിൻവലിക്കണം.

രാജകുമാരി
(സി.പി.എം അംഗം): പഞ്ചായത്തിന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നതിനാൽ സാങ്കൽപ്പിക അജണ്ടയിൽ നടക്കുന്ന ചർച്ചയാണിത്. ഇതിൽ അഭിപ്രായം പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. കമ്പനിക്ക് സ്ഥലം വാങ്ങാൻ ഇടനിലക്കാരനായി നിന്നത് ഒരു കോൺഗ്രസ് അംഗമാണ്. അദ്ദേഹം ഇന്ന് യോഗത്തിന് വന്നിട്ടുമില്ല. ഈ വിഷയത്തിൽ മൂന്ന് മാസം മുമ്പ് സർക്കാർ ഓൺലൈൻ മീറ്റിംഗിൽ സെക്രട്ടറിയോട് അഭിപ്രായം ചോദിച്ചിരുന്നു. അന്ന് പരാതികളില്ലെന്നാണ് സെക്രട്ടറി പറഞ്ഞത്. ഈ വിവരം ഇതുവരെ പഞ്ചായത്ത് മറച്ച് വെക്കുകയായിരുന്നു.
സന്തോഷ്(ബി.ജെ.പി അംഗം): സർക്കാർ മദ്യ നിർമ്മാണ ശാലയ്ക്ക് നൽകിയ പ്രവർത്തനാനുമതി റദ്ദാക്കണമെന്ന് പഞ്ചായത്ത് പ്രമേയം പാസാക്കണം. സ്ഥലം ഇടപാടിൽ ഇടനിലക്കാരനായി നിന്ന കോൺഗ്രസ് നേതാവിന്റെ പങ്ക് അന്വേഷിക്കണം.

ശാന്തി(ഓയാസിസ് കമ്പനിയുടെ സ്ഥലം സ്ഥിതി ചെയ്യുന്ന ആറാം വാർഡ് മെമ്പർ, സി.പി.എം):
മദ്യ നിർമ്മാണ ശാല വരുന്നതിനെ കുറിച്ച് ഒരറിവും കിട്ടിയിട്ടില്ല. ഇപ്പോൾ അവിടെ ജല പ്രശ്നം ഒന്നുമില്ല. കമ്പനിയെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. പ്രദേശത്തെ ജനങ്ങൾക്ക് ദോഷം വരുന്ന ഒരു കാര്യത്തിനും കൂട്ട് നിൽക്കില്ല. സർക്കാർ ഒരിക്കലും ജനങ്ങൾക്ക് ദോഷം വരുത്തുന്ന ഒരു കാര്യം ചെയ്യില്ല. കമ്പനിക്ക് അനുമതി കൊടുക്കുന്നുണ്ടെങ്കിൽ അത് ജനങ്ങൾക്ക് ദോഷം വരാത്ത വിധത്തിലായിരിക്കും.