മദ്യലഹരിയിൽ മകന്റെ മർദ്ദനമേറ്റ പിതാവ് മരിച്ചു

Tuesday 21 January 2025 4:25 AM IST

കിളിമാനൂർ: താമരശേരിയിൽ ലഹരി ഉപയോഗിച്ച് മകൻ അമ്മയെ വെട്ടിക്കൊന്ന സംഭവത്തിന്റെ ഞെട്ടലിൽ നിന്നു വിട്ടുമാറും മുൻപേ കിളിമാനൂരിൽ ലഹരിക്ക് അടിമയായ മകന്റെ മർദ്ദനമേറ്റ് ചികിത്സയിലിരുന്ന പിതാവ് മരിച്ചു. കിളിമാനൂർ പൊരുന്തമൺ ഹരിതാ നിവാസിൽ ഷിബുവെന്ന് വിളിക്കുന്ന ഹരികുമാർ (52)ആണ് മരിച്ചത്. കഴിഞ്ഞ 15 ന് വൈകുന്നേരം 5 മണിക്കായിരുന്നു സംഭവം.

മാതാവിന്റെ മൊബൈൽ ഫോൺ മകൻ ആദിത്യ കൃഷ്ണൻ (22) പിടിച്ചു വാങ്ങിയിരുന്നു ഈ വിവരം മാതാവ് പിതാവിനെ അറിയിച്ചു. പിതാവ് വീട്ടിൽ വന്ന് മൊബൈൽ തിരിച്ചു നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവരും വാക്കുതർക്കമായി. ഇതിനിടെ മകൻ പിതാവിന്റെ മുഖത്ത് കൈമുറുക്കി ഇടിച്ച ശേഷം ചവിട്ടി വീഴ്ത്തുകയായിരുന്നു. വീഴ്ചയിൽ തറയോടിൽ തലയിടിച്ച് പിതാവിന് ഗുരുതര പരിക്കേറ്റു. മുഖത്തും തലയിലും പരിക്കേറ്റ ഹരികുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ബൈക്കപകടത്തിൽ പരിക്കേറ്റതാണെന്നായിരുന്നു ആശുപത്രിയിൽ പറഞ്ഞത്.

ചികിത്സയിലിരിക്കെ ഹരികുമാർ ഇന്നലെ പുലർച്ചെ 2.15 മണിക്ക് മെഡിക്കൽ കോളേജിൽ മരിച്ചു. മകൻ മർദ്ദിച്ചതാണെന്ന് ബന്ധുകൾ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളുടെ മൊഴിയെടുത്ത് കൊലപാതകവകുപ്പ് ചുമത്തി പൊലീസ് രജിസ്റ്റർ ചെയ്യുകയും മകൻ ആദിത്യനാഥിനെ കസ്റ്റഡിലെടുക്കുകയും ചെയ്തു. മുഖത്ത് ശക്തമായി ഇടിയേറ്റതാണ് മരണകാരണം എന്നാണ് പോസ്റ്റു മോർട്ടം റിപ്പോർട്ട്. പൊലീസ്, ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ബംഗളൂരുവിൽ പഠിക്കുകയായിരുന്ന ആദിത്യകൃഷ്ണൻ കുറച്ചുനാളായി നാട്ടിലുണ്ട്. ഹരികുമാർ പ്രവാസിയായിരുന്നു. ഭാര്യ: ഷീജ, മകൾ: ഹരിത.

ഫോട്ടോ: മരിച്ച ഹരികുമാർ .

ഫോട്ടോ: പൊലീസ് കസ്റ്റഡിയിലുള്ള ആദിത്യൻ.