"കവചം " ഇന്ന് പ്രവർത്തന സജ്ജമാകും,മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും
തിരുവനന്തപുരം:ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ദുരന്ത നിവാരണ അതോറിറ്റി, ലോക ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സജ്ജമാക്കിയ കവചത്തിന്റെ (കേരള വാണിംഗ്സ് ക്രൈസിസ് ആൻഡ് ഹസാർഡ്‌സ് മാനേജ്മെന്റ് സിസ്റ്റം) ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ വൈകിട്ട് 5 ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാജൻ അദ്ധ്യക്ഷനാകും.
മന്ത്രി പി.പ്രസാദ്, ശശിതരൂർ എം.പി, വി.കെ.പ്രശാന്ത് എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ,പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ എൽ.കുര്യാക്കോസ് എന്നിവർ സംസാരിക്കും.
അതിതീവ്ര ദുരന്ത സാദ്ധ്യത സംബന്ധിച്ച മുന്നറിയിപ്പുകൾ കേന്ദ്ര നോഡൽ വകുപ്പുകളിൽ നിന്നും ലഭിക്കുന്ന മുറയ്‌ക്ക് സന്ദേശങ്ങളിലൂടെയും സൈറൻ വിസിലിലൂടെയും പൊതുജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യം. 126 സൈറൻ -സ്ട്രോബ് ലൈറ്റ് ശൃംഖല, അവ നിയന്ത്രിക്കുന്ന എമർജൻസി ഓപ്പറേഷൻ സെന്ററുകൾ,ഡിസിഷൻ സപ്പോർട്ട് സോഫ്റ്റ് വെയർ,ഡാറ്റ സെന്റർ എന്നിവയടങ്ങുന്നതാണ് 'കവചം' .
രണ്ടുഗഡു
ക്ഷേമപെൻഷൻ
വെള്ളിയാഴ്ച മുതൽ
തിരുവനന്തപുരം: ഒരു മാസത്തെ കുടിശികയടക്കം രണ്ടുമാസത്തെ ക്ഷേമപെൻഷൻ വെള്ളിയാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഇതിനായി 1,604കോടി അനുവദിച്ചു. 62ലക്ഷം പേർക്ക് 3,200രൂപ വീതമുണ്ട്. ബാങ്കിലൂടെ 26.62 ലക്ഷംപേർക്കും ശേഷിക്കുന്നവർക്ക് നേരിട്ട് വീട്ടിലെത്തിച്ചും തുക നൽകും.അഞ്ചുമാസത്തെ കുടിശിക മാറ്റിനിറുത്തി നടപ്പ് സാമ്പത്തികവർഷം മുതൽ അതത് മാസമാണ് ക്ഷേമപെൻഷൻ കൊടുക്കുന്നത്. കുടിശികയിൽ രണ്ടെണ്ണം ഈ വർഷവും ശേഷിക്കുന്ന മൂന്ന് ഗഡു കുടിശിക അടുത്ത സാമ്പത്തികവർഷവും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചിരുന്നു. ഈ വർഷം വിതരണം ചെയ്യുമെന്നേറ്റ രണ്ടെണ്ണത്തിൽ ഒരു ഗഡുവാണ് ഇപ്പോൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരെണ്ണം കഴിഞ്ഞ ഓണക്കാലത്ത് നൽകിയിരുന്നു.