വിപണികളിൽ ട്രംപാഘോഷം
ഓഹരി, സ്വർണ, ബിറ്റ്കോയിൻ വിലകളിൽ കുതിപ്പ്
കൊച്ചി: അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാപാര, രാഷ്ട്രീയ നിലപാടുകൾ മയപ്പെടുത്തുമെന്ന പ്രതീക്ഷയിൽ ലോകമെമ്പാടുമുള്ള വിപണികൾ ഇന്നലെ മികച്ച മുന്നേറ്റം നടത്തി. ചൈനയുമായി ക്രിയാത്മകമായ വ്യാപാര ബന്ധമുണ്ടാകുമെന്ന സൂചന ഡൊണാൾഡ് ട്രംപ് നൽകിയതാണ് നിക്ഷേപകർക്ക് ആവേശം സൃഷ്ടിച്ചത്. ഏഷ്യയിലെ ഹാംഗ്സെംഗ്, നിക്കി 225 എന്നിവയ്ക്കൊപ്പം ഇന്ത്യയിലെ സെൻസെക്സും നിഫ്‌റ്റിയും മുന്നേറി. സെൻസെക്സ് 454.11 പോയിന്റ് നേട്ടവുമായി 77,077.44ൽ അവസാനിച്ചു. നിഫ്‌റ്റി 141.55 പോയിന്റ് കുതിച്ച് 23,344.75ൽ എത്തി.
രാജ്യാന്തര സ്വർണ വില ഔൺസിന് 2,701 ഡോളറിലേക്ക് ഉയർന്നു. പവൻ വില കേരളത്തിൽ 120 വർദ്ധിച്ച് 59,600 രൂപയിലെത്തി. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമായതോടെ രൂപയുടെ മൂല്യം മെച്ചപ്പെട്ടു.
പ്രമുഖ ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിനിന്റെ വില ഇന്നലെ പുതിയ റെക്കാഡ് ഉയരമായ 1.09 ലക്ഷം ഡോളറിലെത്തി. ഡൊണാൾഡ് ട്രംപ് സ്വന്തമായി പുറത്തിറക്കിയ ക്രിപ്‌റ്റോയായ $TRUMP മീം കോയിനിന്റെ മൂല്യം ഞായറാഴ്ച ഇടിഞ്ഞെങ്കിലും മൊത്തം മൂല്യം 1,400 കോടി ഡോളറിൽ സ്ഥിരത നേടി.
ചൈനയുടെ ദുഖം ഇന്ത്യയ്ക്ക് നേട്ടമായേക്കും
വ്യാപാര രംഗത്ത് ചൈന പ്ളസ് വൺ നയമാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കുന്നതിനൊപ്പം ചെലവ് കുറഞ്ഞ രീതിയിൽ ഉത്പാദനം നടത്താവുന്ന മറ്റൊരു കേന്ദ്രം വികസിപ്പിക്കാനാണ് ശ്രദ്ധയൂന്നുന്നത്. തുണിത്തരങ്ങൾ, മെഷീനറികൾ, ഇലക്ട്രോണിക്‌സ്, ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ വലിയ അവസരങ്ങൾ ഇന്ത്യയ്ക്ക് തുറന്ന് കിട്ടുമെന്നാണ് പ്രതീക്ഷ.
നിക്ഷേപകരുടെ പ്രതീക്ഷ
1. ചൈന പ്രസിഡന്റ് ഷീ ജിൻപിംഗുമായി സൗഹാർദപരമായ സംഭാഷണം നടന്നുവെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞതോടെ വ്യാപാര യുദ്ധത്തിന് സാദ്ധ്യത മങ്ങുന്നു
2. ഡൊണാൾഡ് ട്രംപിന്റെ വിജയത്തിന് ശേഷം കനത്ത തിരിച്ചടി നേരിട്ടിരുന്ന രൂപയുടെ മൂല്യം ഇന്നലെ ഗണ്യമായി മെച്ചപ്പെട്ടതും വിപണിക്ക് ആശ്വാസം പകരുന്നു
3. അമേരിക്കയിൽ വിലക്കയറ്റം രൂക്ഷമാകുന്നതിനാൽ ഇറക്കുമതി തീരുവകൾ തിടുക്കത്തിൽ വർദ്ധിപ്പിക്കാൻ ട്രംപ് ഒരുങ്ങില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു
ഇന്ത്യയും അമേരിക്കയുമായുള്ള വാർഷിക വ്യാപാരം
19,000 കോടി ഡോളർ