ബംഗ്ലാദേശുകാരെ 'ഇന്ത്യക്കാരാക്കും'; അതിർത്തിയിൽ റാക്കറ്റുകൾ സജീവം
കേരളത്തിലും ആയിരത്തിലധികം ബംഗ്ലാദേശുകാർ
കൊച്ചി: വ്യാജരേഖ ചമച്ച് ബംഗ്ലാദേശുകാരെ 'ഇന്ത്യൻ പൗരന്മാരാക്കുന്ന' റാക്കറ്റുകൾ വഴി നുഴഞ്ഞു കയറിയ ആയിരത്തിലധികം പേർ കേരളത്തിലും എത്തിയതായി റിപ്പോർട്ട് .
പശ്ചിമബംഗാൾ-വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അതിർത്തികളിൽ സജീവമായ സംഘം കേരളത്തിലേക്കും ആൾക്കാരെ പറഞ്ഞുവിടുകയാണ്. പ്രത്യേക പാക്കേജുകളൊരുക്കി ബംഗ്ലാദേശിലെ റാക്കറ്റുകളുമായി ചേർന്നാണ് പ്രവർത്തനം. മ്യാന്മാറിലെ റോഹിങ്ക്യൻ മുസ്ലിങ്ങൾ വരെ ഈവിധം രാജ്യത്തെത്തുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച പെരുമ്പാവൂരിൽ ബംഗ്ലാദേശ് സ്വദേശിനി തസ്ലീമ ബീംഗവും (28) ഇന്നലെ അങ്കമാലിയിൽ ബംഗ്ലാദേശുകാരൻ ഹൊസൈനും (29) അറസ്റ്റിലായിരുന്നു. ഇവരിൽ നിന്നാണ് റാക്കറ്റുകളുടെ പ്രവർത്തനരീതി രഹസ്യാന്വേഷണ വിഭാഗത്തിന് പിടികിട്ടിയത്.
നടൻ സെയ്ഫ് അലിഖാനെ വീട്ടിൽക്കയറി കുത്തി മാരകമായി പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതി ഇതുപോലെ വ്യാജപേരിൽ തമ്പടിച്ച ബംഗ്ളാദേശിയാണെന്ന വിവരം പുറത്തുവന്നതോടെ ആശങ്ക വർദ്ധിച്ചിട്ടുണ്ട്.
കേരളത്തിൽ 40 ലക്ഷത്തിനടുത്ത് അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് വിലയിരുത്തൽ. ഔദ്യോഗിക രേഖയിൽ അഞ്ചും. ഇതിൽ 3 ശതമാനം വരെ ബംഗ്ലാദേശികളാകാമെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിഗമനം. കേരളത്തിലെ ബംഗ്ലാദേശുകാരിൽ കുറേപ്പേർ തിരുപ്പൂർ, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലേക്ക് കടന്നുവെന്നാണ് സൂചന. ഇടത്തരം കമ്പനികളിലും മറ്റും ജോലിചെയ്ത് പണം സ്വരൂപിച്ച് വിദേശത്തേയ്ക്ക് കടക്കുന്നതാണ് രീതി. രണ്ടുവർഷത്തിനിടെ 15 ബംഗ്ലാദേശികളെ കൊച്ചി വിമാനത്താവളത്തിൽ മാത്രം പിടികൂടിയിരുന്നു. ഇവരെ സംബന്ധിച്ച വ്യക്തമായ കണക്കുകൾ
സർക്കാർ കൈവശമില്ല.
25,000 രൂപയ്ക്ക് ആധാറും
വോട്ടർ ഐ.ഡിയും
# 15,000 മുതൽ 25,000 രൂപ വരെ നൽകിയാൽ പാസ്‌പോർട്ട്, ആധാർ, പാൻകാർഡ്, വോട്ടർ ഐ.ഡി എന്നീ രേഖകൾ റാക്കറ്റുകൾ നിർമ്മിച്ചു നൽകും.
# പശ്ചിമബംഗാൾ മൂർഷിദാബാദ് ജില്ലയിലെ ജലംഗി വഴിയാണ് നുഴഞ്ഞുകയറ്റം. ഇതിലൂടെ ലഹരിക്കടത്തും വ്യാപകം. രാജ്യങ്ങളെ വേർതിരിക്കുന്ന പത്മ നദി കടന്നും മറ്റുമാണ് ജലംഗിയിൽ എത്തുന്നത്. ആദ്യം അസാമിലും മറ്റും തമ്പടിപ്പിക്കും. രേഖകളെല്ലാം കൈമാറും. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്.
പിടിച്ചാലും പുലിവാൽ
പാസ്പ്പോർട്ട് ആക്ട്, രാജ്യസുരക്ഷാ നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തി ജയിലടക്കുന്ന ബംഗ്ലാദേശുകാരെ നാടുകടത്തണമെന്നാണ് ചട്ടം. ഇതിന് കടമ്പകൾ ഏറെ. യഥാർത്ഥ രേഖ ഉറപ്പായാൽ മാത്രമേ നാടുകടത്തൽ പൂർത്തിയാകൂ. ഇതിന് മാസങ്ങളെടുക്കും.
കേരളത്തിൽ ആയിരത്തിലധികം ബംഗ്ലാദേശുകാരുണ്ടെന്നത് യാഥാർത്ഥ്യമാണ്. കണ്ടെത്തുക ശ്രമകരം.
ബിനോയ് പീറ്റർ
സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ളുസീവ് ഡെവലപ്മെന്റ്
പെരുമ്പാവൂർ