സർക്കാർ ഓഫീസുകൾ കശാപ്പ് ശാലകളെന്ന്
Tuesday 21 January 2025 12:30 AM IST
കൊല്ലം: സംസ്ഥാന സർക്കാരിനെതിരെ 22ന് നടത്തുന്ന പണിമുടക്കിന്റെ പ്രചാരണം നടത്തവെ സെറ്റോ ഭാരവാഹികളായ സോണി ഡൊമിനിക്കിനെയും അനിൽ കുമാറിനെയും ക്രൂരമായി ആക്രമിച്ച എൻ.ജി.ഒ യൂണിയൻകാരെ അറസ്റ്റ് ചെയ്യണമെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. ഓഫീസിനുള്ളിൽ സമാധാനപരമായി ജീവനക്കാരോട് കാര്യങ്ങൾ വിശദീകരിക്കവെയാണ് എൻ.ജി.ഒ യൂണിയന്റെ ഗുണ്ടകൾ ആക്രമിച്ചതെന്നും ജനാധിപത്യ ദ്വംസനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ വകുപ്പുകൾ ചേർത്ത് കേസെടുത്ത് പ്രതികളെ അറസ്‌റ്റ് ചെയ്തില്ലെങ്കിൽ കോൺഗ്രസ് ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ ഭരണത്തിൽ തെരുവുകളും സർക്കാർ ഓഫീസുകളും കലാലയങ്ങളും കശാപ്പ് ശാലകളാക്കി മാറ്റുകയാണെന്നും രാജേന്ദ്രപ്രസാദ് പറഞ്ഞു.