ഷാരോൺ വധക്കേസ്:95 സാക്ഷികൾ, 323 രേഖകൾ, 53 തൊണ്ടിമുതലുകൾ

Tuesday 21 January 2025 12:38 AM IST

തിരുവനന്തപുരം: 95 സാക്ഷികളെയും 323 രേഖകളും 53 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.പത്ത് മാസം നീണ്ട ആസൂത്രണത്തിനു ശേഷമാണ് ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം. ഇന്റർനെറ്റിൽ നിന്നാണ് ജ്യൂസ് ചലഞ്ച് എന്ന ആശയം ലഭിച്ചത്. നാഗർകോവിലിലെ സൈനികനുമായി വിവാഹം ഉറപ്പിച്ചിട്ടും പ്രണയത്തിൽ നിന്ന് ഷാരോൺ പിന്മാറാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആദ്യശ്രമമായി മാംഗോ ജ്യൂസിൽ 50 ഡോളോ ഗുളികകൾ കലർത്തി ഷാരോണിന് നൽകി. കയ്പ് കാരണം ജ്യൂസ് തുപ്പിക്കളഞ്ഞു. പിന്നീട് കുഴിത്തുറ പഴയ പാലത്തിൽ വച്ചും ജ്യൂസ് ചലഞ്ചെന്ന പേരിലും ഗുളിക കലർത്തിയ മാംഗോ ജ്യൂസ് നൽകി. ഈ രണ്ടുശ്രമവും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലർത്തിയ കഷായം നൽകിയത്.മരിക്കുന്നതിനു മുമ്പ് ഷാരോൺ നൽകിയ മരണമൊഴി വഴിത്തിരിവായി. 2022 ഒക്ടോബർ 20ന് തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേന്റെ നിർദ്ദേശപ്രകാരം 11ാം കോടതിയിലെ മജിസ്‌ട്രേറ്റായിരുന്ന ലെനി തോമസാണ് മെഡിക്കൽ കോളേജിൽ വച്ച് ഷാരോണിന്റെ മരണമൊഴി രേഖപ്പെടുത്തിയത്. ഗ്രീഷ്മ നൽകിയ ഒരു ഗ്ളാസ് കഷായമാണ് താൻ കുടിച്ചതെന്നായിരുന്നു മരണമൊഴി. വിഷം കലർത്തിയ കഷായമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിലും തെളിഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിസിൻ,ഇ.എൻ.ടി, റെസ്പിറേറ്ററി,എമർജൻസി ഐ.സി.യു,വൃക്കരോഗവിഭാഗം മേധാവിമാരും ടോക്സികോളജി വിദഗ്ദ്ധൻ വി.വി.പിള്ളയും ഷാരോൺ കുടിച്ച വിഷം 'പാരക്വറ്റ്' എന്ന കളനാശിനി ആണെന്ന് തെളിവുനൽകി. പോസ്റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക് മെഡിസിൻ വിദഗ്ദ്ധയും ഹിസ്റ്റോപത്തോളജിസ്റ്റും ഇതേ തെളിവുകൾ കോടതിയിൽ നൽകി