കഷായക്കൊലയിലെ ചതിക്കുഴികൾ കോടതി എണ്ണിയെണ്ണി പറഞ്ഞു

Tuesday 21 January 2025 12:51 AM IST

തിരുവനന്തപുരം: ഗ്രീഷ്മ നടത്തിയ കഷായക്കൊലയിലെ ചതിക്കുഴികൾ എണ്ണിപ്പറഞ്ഞ് കോടതി.

സ്‌നേഹബന്ധം തുടരുമ്പോഴും പ്രതി കൊലപാതകത്തിന് ശ്രമിച്ചു. സ്‌നേഹിക്കുന്നവരെ വിശ്വസിക്കാനാകില്ല എന്ന സന്ദേശം സമൂഹത്തിനു നൽകി. ബന്ധം അവസാനിപ്പിക്കുന്ന ഘട്ടത്തിൽ വിഷം നൽകി കൊലപ്പെടുത്താൻ തീരുമാനിച്ചത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകി.

# ലൈംഗിക ബന്ധത്തിനായി വിളിച്ചുവരുത്തി അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു

നടന്നത് സമർഥവും ക്രൂരവുമായ കൊലപാതകം. ‌‌

# നേരത്തേയും കൊലപാതക ശ്രമം നടത്തി. വീണ്ടും ശ്രമങ്ങൾ നടത്തി.കൊല ചെയ്തശേഷം അവസാനംവരെ പിടിച്ചുനിൽക്കാനും തന്ത്രങ്ങൾ പയറ്റി. #പ്രതിയുടെ ആത്മഹത്യാ ശ്രമം കേസ് വഴിതിരിച്ചുവിടാനായിരുന്നു. ലൈസോൾ കുടിച്ചാൽ മരിക്കില്ലെന്ന് ഗ്രീഷ്മയ്ക്ക് അറിയാമായിരുന്നു.

#ഷാരോണുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു എന്നു തെളിഞ്ഞിട്ടുണ്ട്. മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചശേഷവും ഷാരോണുമായി ബന്ധം തുടർന്നു. ഒളിച്ചോടിപോകാമെന്നും ഷാരോണിനെ വിശ്വസിപ്പിച്ചു.

#ഷാരോൺ അനുഭവിച്ച വേദന ചെറുതല്ല. ആന്തരീകാവയവങ്ങളെല്ലാം അഴുകിയ നിലയിലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.

#11 ദിവസം ഒരുതുള്ളി വെള്ളമിറക്കാനാകാതെ മരണത്തോടു മല്ലിട്ടു. ലൈംഗികാവയവത്തിൽ വരെ കഠിന വേദനയായിരുന്നു എന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

#ഷാരോണിനെ വേദനയനുഭവിപ്പിച്ച് ഇഞ്ചിഞ്ചായി കൊലപ്പെടുത്താനുള്ള 'സ്ലോ പോയീസണിംഗ്' തന്നെയാണ് ഗ്രീഷ്മ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും.

#കുറ്റകൃത്യം ചെയ്ത അന്നുമുതൽ പിടിക്കപ്പെടുംവരെ, തെളിവുകൾ താൻ തന്നെ ചുമന്നുനടക്കുകയായിരുന്നുവെന്ന് ഗ്രീഷ്മ അറിഞ്ഞില്ല.48 സാഹചര്യ തെളിവുകളുണ്ട്.

#ഷാരോണിന് പരാതിയുണ്ടായിരുന്നില്ല എന്നതിന് പ്രസ്‌കതിയില്ല. കുറ്റകൃത്യം നടന്നാൽ ശിക്ഷ ഉറപ്പാക്കേണ്ടത് സ്‌റ്റേറ്റിന്റെ ഉത്തരവാദിത്വമാണ്. ഷാരോൺ വല്ലാത്ത പ്രണയത്തിന് അടിമയായിരുന്നു. ഗ്രീഷ്മയെ 'വാവ' എന്നാണ് വിളിച്ചിരുന്നത്. പ്രതിയെ മാത്രം കണ്ടാൽപോര. അതുകൊണ്ടാണ് ഷാരോണിന്റെ മാതാപിതാക്കളെ കോടതിമുറിയിലേക്ക് വിളിച്ചുവരുത്തിയത്.