തേവലപ്പുറത്ത് പേപ്പട്ടി, നിരവധി പേർക്ക് കടിയേറ്റു

Tuesday 21 January 2025 12:59 AM IST

കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ തേവലപ്പുറത്ത് നാട് വിറപ്പിച്ച പേപ്പട്ടി നിരവധിപേരെ കടിച്ചു. വളർത്ത് മൃഗങ്ങൾക്കും തെരുവ് നായ്കൾക്കും കടിയേറ്റു. വൈകിട്ടോടെ നാട്ടുകാർ പട്ടിയെ തല്ലിക്കൊന്നു.

ഞായറാഴ്ച രാവിലെ മുതലാണ് ഇവിടെ പേപ്പട്ടിയെത്തിയത്. തേവലപ്പുറം പുത്തകൊറക്കോട്ട് വീട്ടിൽ ജലജ, പുണർതത്തിൽ ശ്രീദേവി, ചന്ദ്രാലയത്തിൽ ചന്ദ്രിക, തോട്ടത്തിൽ വീട്ടിൽ മണിയമ്മ, രാജി ഭവനിൽ പുഷ്പാംഗദൻ, തീൻമൂർത്തി ഭവനിൽ ബ്രിഗേഷ് എന്നിവരെയും ബൈക്ക് യാത്രികനെയും കടിച്ചു. കാൽനട യാത്രികരെ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. കാലിലും കൈയിലും നെഞ്ചത്തുമൊക്കെയാണ് പലർക്കും കടിയേറ്റത്. തേവലപ്പുറം വൈഷ്ണവം ഓഡിറ്റോറിയത്തിന് മുന്നിലെ സി.സി.ടി.വിയിൽ, വീട്ടമ്മയെ പേപ്പട്ടി കടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്ത ആടുകളെയും കടിച്ചു. അതിരിക്കോരിക്കാവിന് സമീപത്തെ രാമകൃഷ്ണന്റെ പശുവിനും കടിയേറ്റു. പ്രദേശത്തെ വളർത്ത് നായ്ക്കൾക്കും തെരുവ് നായ്ക്കൾക്കും കടിയേറ്റത് ആശങ്ക പരത്തുന്നുണ്ട്. കടിയേറ്റവരെ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടത്തെ തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിന് നേരത്തെ നടപടിയുണ്ടായിരുന്നു. എന്നാൽ ഇതു നടത്താതെ നായ്ക്കളുടെ ചെവി മുറിച്ച് അടയാളം കാട്ടി പ്രദേശത്തുതന്നെ ഇറക്കിവിട്ടതായി പരാതിയുണ്ട്.