സർക്കാർ സ്ഥാപനങ്ങളിലടക്കം സ്മാർട്ട് മീറ്ററുമായി കെ.എസ്.ഇ.ബി
തിരുവനന്തപുരം: ഗാർഹിക ഉപഭോക്താക്കളെ ഒഴിവാക്കി ആദ്യഘട്ടത്തിൽ സർക്കാർ സ്ഥാപനങ്ങളിലടക്കം സ്മാർട്ട് മീറ്റർ നടപ്പാക്കാൻ കെ.എസ്.ഇ.ബി. ഒന്നര വർഷത്തിനകം മൂന്നു ലക്ഷത്തോളം സ്മാർട്ട് മീറ്റർ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. സ്വകാര്യ കമ്പനികളുമായി ഉടൻ ഇതിനുള്ള കരാർ ഉറപ്പിച്ച് വർക്ക് ഒാർഡർ നൽകും. വൻകിട കമ്പനികളുടെ സിസ്റ്റം മീറ്ററുകൾ, സർക്കാർ സ്ഥാപനങ്ങളുടെ മീറ്ററുകൾ, ഹൈടെൻഷൻ ഉപഭോക്താക്കളുടെ മീറ്ററുകൾ എന്നിവയാണ് സ്മാർട്ട് മീറ്ററിലേക്ക് മാറ്റുക.
മീറ്ററുകൾ സ്ഥാപിക്കുന്നതിന് 18 മാസത്തെയും ഓപ്പറേഷൻ, മെയിന്റനൻസ് എന്നിവയ്ക്ക് 72 മാസത്തെയുമാണ് കരാർ നൽകുക. സ്മാർട്ട് മീറ്ററിന്റെ വിലയും നടപ്പാക്കാനുള്ള ചെലവും മെയിന്റനൻസുമെല്ലാം അടക്കം മൊത്തം തുകയും കരാർ ഏറ്റെടുക്കുന്ന കമ്പനി തന്നെ ചെലവാക്കുന്ന ടോട്ടക്സ് മാതൃകയാണ് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചത്. എന്നാൽ, കെ.എസ്.ഇ.ബി തന്നെ ചെലവിനുള്ള പണം കണ്ടെത്തി കരാറുകാരെ കൊണ്ടുചെയ്യിക്കുന്ന 'കാപ്പക്സ്' രീതിയാണ് സംസ്ഥാനം സ്വീകരിച്ചത്. അത് അനുസരിച്ചാണ് സ്വകാര്യ കമ്പനികളെ കരാർ ഏൽപ്പിക്കാനുള്ള നീക്കം.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ഇ.ബി ഇക്കാര്യത്തിൽ സർക്കാർ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. 2023ലാണ് സംസ്ഥാനത്ത് സ്മാർട്ട് മീറ്റർ നടപ്പാക്കാൻ തീരുമാനിച്ചത്. 20ഒാളം സംസ്ഥാനങ്ങളിൽ ടോട്ടക്സ് മാതൃകയിൽ സ്മാർട്ട് മീറ്ററിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കിയിട്ടുണ്ട്.
രണ്ട് പാക്കേജായി കരാർ
ആദ്യഘട്ടം നടപ്പാക്കാൻ രണ്ടു പാക്കേജുകളായാണ് കരാർ ഉറപ്പിക്കുന്നത്. സ്മാർട്ട് മീറ്റർ, ആശയവിനിമയ ശൃംഖല, അനുബന്ധ സോഫ്റ്റ് വെയർ എന്നിവ അടങ്ങുന്ന ഒന്നാം പാക്കേജിന് എസ്റ്റിമേറ്റ് തുകയായ 211കോടിയിൽ നിന്ന് 24%കുറച്ച് 60.9 കോടിയും ജി.എസ്.ടിയും ഉൾപ്പെടെ കുറഞ്ഞ ബിഡ് നൽകിയത് ഇസ്‌ക്രെമെകൊ എന്ന കമ്പനിയാണ്. എം.ഡി.എം.എസ് സോഫ്റ്റ്‌വെയർ, സംയോജനം എന്നിവ അടങ്ങുന്ന രണ്ടാം പാക്കേജിന് എസ്റ്റിമേറ്റ് തുകയായ 10 കോടിയിൽ നിന്ന് 54% കുറച്ച് 4.45 കോടിയും ജി.എസ്.ടിയും ഉൾപ്പടെ കുറഞ്ഞ ബിഡ് നൽകിയത് ഈസിയാസോഫ്റ്റ് ടെക്‌നോളജീസ് എന്ന കമ്പനിയും. ഇവർക്കാകും വർക്ക് ഒാർഡർ നൽകുക.
1.25 കോടി
സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾ
37 ലക്ഷം
ആദ്യഘട്ടത്തിൽ സ്മാർട്ട് മീറ്റർ
നൽകാൻ കേന്ദ്രം നിർദ്ദേശിച്ചത്