'സിഎജി റിപ്പോർട്ട് കണ്ടിട്ടില്ല, കിറ്റിന് ക്ഷാമമുണ്ടായിരുന്നപ്പോൾ കുറച്ച് കൂടുതൽ വിലയ്‌ക്ക് വാങ്ങേണ്ടിവന്നു', പ്രതികരിച്ച് കെ കെ ശൈലജ
തിരുവനന്തപുരം: കൊവിഡ് കാലത്ത് ആരോഗ്യ വകുപ്പ് പിപിഇ കിറ്റ് വാങ്ങിയ ഇടപാടിൽ വൻ ക്രമക്കേടുണ്ടെന്ന സിഎഇ കണ്ടെത്തലിൽ മറുപടിയുമായി മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. വിഷയത്തിൽ മറുപടി നേരത്തെ പറഞ്ഞതാണെന്നും ലോകായുക്തയ്‌ക്ക് മുന്നിൽ പ്രതിപക്ഷം പരാതി സമർപ്പിച്ചപ്പോഴും കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും കെ. കെ ശൈലജ പറഞ്ഞു. പി.പി.ഇ കിറ്റിന് ക്ഷാമമുണ്ടായപ്പോൾ വില കൂടിയിരുന്നു, ഈ സമയം കുറച്ച് പി.പി.ഇ കിറ്റ് കൂടിയ വിലയ്‌ക്ക് വാങ്ങേണ്ടി വന്നെന്നും അവർ പ്രതികരിച്ചു.
'സിഎജി റിപ്പോർട്ട് ഞാൻ കണ്ടിട്ടില്ല. നേരത്തെ സഭയിൽ പ്രതിപക്ഷം വിഷയം ഉന്നയിച്ചപ്പോൾ തന്നെ മറുപടി പറഞ്ഞതാണ്. ലോകായുക്തയുടെ മുന്നിൽ പ്രതിപക്ഷം പരാതി സമർപ്പിച്ചപ്പോഴും കാര്യങ്ങൾ വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഈ വിഷയത്തിൽ മുഖ്യമന്ത്രിയും വ്യക്തമായ മറുപടി പറഞ്ഞു.' കെ.കെ ശൈലജ അറിയിച്ചു.
പിപിഇ കിറ്റിന് വിലകൂടിയ സമയത്ത് ലക്ഷക്കണക്കിന് പിപിഇ കിറ്റുകൾ വാങ്ങിയതിൽ വളരെ കുറച്ചെണ്ണം മാത്രമാണ് കൂടിയ വിലയ്‌ക്ക് വാങ്ങിയത്. അന്നത്തെ സാഹചര്യം അങ്ങനെയായിരുന്നുവെന്നും കെ കെ ശൈലജ വ്യക്തമാക്കി. '50000 കിറ്റുകൾ ഓർഡർ നൽകിയെങ്കിലും അത്രയെണ്ണം ലഭിച്ചിരുന്നില്ല. ഗുണനിലവാരം കൂടെ കണക്കിലെടുത്താണ് ഓർഡർ സമർപ്പിച്ചിരുന്നത്. സിഎജി റിപ്പോർട്ട് കാണാതെ ഞാൻ അതെക്കുറിച്ച് ഒന്നും പറയില്ല. സർക്കാർ മറുപടി പറയും.' കെ.കെ ശൈലജ പറഞ്ഞു.
10.23 കോടി രൂപയുടെ അധികബാധ്യത സർക്കാരിനുണ്ടായെന്നും പൊതുവിപണിയേക്കാൾ 300 ശതമാനം കൂടുതൽ പണം നൽകിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2020 മാർച്ച് 28ന് 550 രൂപ നിരക്കിൽ പിപിഇ കിറ്റ് വാങ്ങിയ സർക്കാർ രണ്ട് ദിവസത്തിനുശേഷം 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയിൽ നിന്ന് പിപിഇ കിറ്റ് വാങ്ങിയെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.